ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിൽ പോലീസ് വാഹനത്തിന് നേരെ സ്‌ഫോടനം നടത്തിയ സംഭവത്തിൽ ഒരു ആൺകുട്ടി ഉൾപ്പെടെ എട്ട് കമ്മ്യൂണിസ്റ്റ് ഭീകരരെ പിടികൂടിയതായി പോലീസ്. ഇതോടെ കേസുമായി ബന്ധപ്പെട്ട് ആകെ അറസ്റ്റിലായവരുടെ എണ്ണം 17 ആയി ഉയർന്നു. ഇന്നലെ പിടിയിലായവരിൽ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഉൾപ്പെടെ മൂന്ന് പേരെ അരൺപൂരിൽ നിന്നും മറ്റുള്ളവരെ ഇതിന്റെ സമീപപ്രദേശങ്ങളിൽ നിന്നുമായിട്ടാണ് അറസ്റ്റ് ചെയ്തത്. പെഡ്ക ഗ്രാമവാസികളായ മാസ കവാസി, കോസ മണ്ഡവി, അർജുൻ കുഞ്ഞം, ദേവ മദ്വി, ഗംഗാ മദ്വി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം പോലീസ് കസ്റ്റഡിയിൽ വിട്ടു. മറ്റ് രണ്ട് പേരുടേയും അറസ്റ്റ് ഉടനെ രേഖപ്പെടുത്തുമെന്നാണ് വിവരം.
പ്രായപൂർത്തിയാകാത്ത കുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ഏപ്രിൽ 26നാണ് സുരക്ഷാ ഉദ്യോഗസ്ഥരുമായി പോയ വാഹനവ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായത്. ജില്ലാ റിസർവ് ഗാർഡിൽ പെട്ട പത്ത് ഉദ്യോഗസ്ഥരും ഒരു ഡ്രൈവറുമാണ് അന്ന് ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾ ഉൾപ്പെടെ ഒമ്പത് പേരെയാണ് നേരത്തെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Discussion about this post