ന്യൂഡൽഹി: രാജ്യത്തെ ആദ്യ പ്രാദേശിക സെമി-ഹൈ സ്പീഡ് ട്രെയിൻ സംവിധാനമായ റാപ്പിഡ്എക്‌സ് ട്രെയിനുകൾ ജൂൺ ആദ്യ ആഴ്ചയോടെ ഓടിത്തുടങ്ങുമെന്ന് റിപ്പോർട്ട്. ഡൽഹി-ഗാസിയാബാദ്-മീററ്റ് റൂട്ടിലാണ് റാപ്പിഡ്എക്‌സ് ആദ്യം ഓടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാകും റാപ്പിഡ്എക്‌സ് ട്രെയിൻ ഉദ്ഘാടനം നിർവഹിക്കുന്നത്. നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്പോർട്ട് കോർപ്പറേഷനാണ്(എൻസിആർടിസി) നൂതന ട്രെയിൻ സംവിധാനത്തിന്റെ നിർമ്മാണത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.
ബിസിനസ് ക്ലാസ്, പ്രീമിയം ക്ലാസ് തുടങ്ങിയ പ്രത്യേക വിഭാഗം റാപ്പിഡ്എക്‌സിലുണ്ടാകും. ആറ് മുതൽ എട്ട് വരെ കോച്ച് കാറുകളാകും ഓരോ റാപ്പിഡ്എക്‌സിലും ഉള്ളത്. ഇതിൽ തന്നെ 72 പേർക്ക് ഇരിക്കാവുന്ന പ്രത്യേക കോച്ച് പൂർണമായും വനിതാ യാത്രക്കാർക്ക് വേണ്ടി സംവരണം ചെയ്തിരിക്കുകയാണ്. മറ്റ് കോച്ചുകളിലും പത്ത് അധികസീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്ത് മാറ്റി വച്ചിട്ടുണ്ട്. പ്രീമിയം കോച്ചിന് തൊട്ടുപിന്നിലായാണ് വനിതാ കോച്ചിന്റെ സ്ഥാനം.
ട്രെയിനിലെ സൗകര്യങ്ങളെ കുറിച്ച് യാത്രക്കാർക്ക് അവബോധം നൽകാനും അവരുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനും ട്രെയിൻ അറ്റൻഡന്റുമാരും ഉണ്ടാകും. ”സ്ത്രീകളുടെ ഏറ്റവും വലിയ ആശങ്കയാണ് സുരക്ഷയും സൗകര്യങ്ങളും. എൻസിആർടിസി തുടക്കം മുതൽ തന്നെ ഇതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെന്നും” എൻസിആർടിസി പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.
Discussion about this post