ന്യൂഡൽഹി: പുതിയതായി നിർമ്മിച്ച പാർലമെന്റ് മന്ദിരം രാഷ്ട്രപതി ദ്രൗപദി മുർമു ഉദ്ഘാടനം ചെയ്യണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കാനിരിക്കെയാണ് രാഹുൽ പുതിയ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ‘പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതിയാണ്, പ്രധാനമന്ത്രിയല്ല’ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.
ലോക്സഭാ സ്പീക്കർ ഓം ബിർള നേരി്‌ട്ടെത്തിയാണ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രിയെ ക്ഷണിച്ചതെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി. 2020 ഡിസംബർ 10നാണ് പ്രധാനമന്ത്രി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിട്ടത്. നിലവിലെ പാർലമെന്റ് മന്ദിരം 1927ലാണ് നിർമ്മാണം പൂർത്തിയാക്കിയത്. 96 വർഷം പഴക്കമുള്ള കെട്ടിടത്തിൽ അസൗകര്യങ്ങൾ നിറഞ്ഞതോടെയാണ് പുതിയ മന്ദിരം നിർമ്മിക്കാൻ തീരുമാനമായത്.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ലോക്സഭാ ചേംബറിൽ 888 അംഗങ്ങൾക്കും രാജ്യസഭാ ചേംബറിൽ 300 അംഗങ്ങൾക്കും ഇരിക്കാൻ കഴിയും. ഇരുസഭകളുടേയും സംയുക്ത സമ്മേളനമാണെങ്കിൽ ലോക്സഭാ ചേംബറിൽ മൊത്തം 1280 അംഗങ്ങളെ ഉൾക്കൊള്ളാൻ സാധിക്കും. ടാറ്റ പ്രൊജക്ട്സ് ലിമിറ്റഡ് ആയിരുന്നു കെട്ടിടത്തിന്റെ നിർമ്മാണം. ത്രികോണാകൃതിയിലുള്ള നാല് നില കെട്ടിടമാണിത്. 64,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമാണ് പുതിയ മന്ദിരത്തിനുള്ളത്.









