കോട്ടയം: പൊതുവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ മൈക്ക് പണിമുടക്കി. നാഗമ്പടത്ത് ജില്ലാ ആസൂത്രണസമിതി കെട്ടിടത്തിന്റെ ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെയാണ് മൈക്ക് കേടായത്. ഇതോടെ മുഖ്യമന്ത്രിയുടെ പ്രസംഗവും തടസപ്പെട്ടു. മൈക്കിന്റെ കണക്ഷൻ വയറിൽ നിന്നുള്ള തകരാറിനെ തുടർന്ന് മൂന്ന് തവണ ചെറിയ ശബ്ദവും ഉണ്ടായി.
ഇതോടെ വേദിയിൽ ഉണ്ടായിരുന്ന മന്ത്രി വി.എൻ.വാസവനും സ്റ്റേജിന്റെ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ അടുത്തെത്തി. ഇതിനിടെ വേറെ രണ്ട് മൈക്ക് കൊണ്ടുവന്നെങ്കിലും അതും ശരിയായില്ല. ഒടുവിൽ മൂന്നാമത് മൈക്ക് കൊണ്ടുവന്ന് സ്റ്റാൻഡിൽ ഉറപ്പിക്കുന്നതിന് പകരം മുഖ്യമന്ത്രിയുടെ കയ്യിൽ കൊടുത്തെങ്കിലും അത് വാങ്ങിയില്ല. ഇതോടെ മൈക്ക് ഓപ്പറേറ്റർ അത് സ്റ്റാൻഡിൽ ഉറപ്പിച്ചു. അതിന് ശേഷമാണ് മുഖ്യമന്ത്രി പ്രസംഗം തുടർന്നത്.
Discussion about this post