കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സെലക്ഷൻ ട്രയൽസ് തടഞ്ഞ സംഭവത്തിൽ സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിനെതിരെ രൂക്ഷ വിമർശനവുമായി സ്‌പോർട്‌സ് കൗൺസിൽ എറണാകുളം ജില്ലാ പ്രസിഡന്റും എംഎൽഎയുമായ പി.വി.ശ്രീനിജൻ. കേരള ബ്ലാസ്റ്റേഴ്‌സുമായി കരാർ ഉണ്ടെന്നും വാടക കുടിശിക കിട്ടിയെന്നുമുള്ള കാര്യം സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ തന്നെ അറിയിച്ചില്ലെന്ന് ശ്രീനിജൻ ആരോപിച്ചു. ജില്ലാ കൗൺസിൽ പ്രസിഡന്റ് എന്ന നിലയ്ക്ക് ഇക്കാര്യം തന്നെ അറിയിക്കണമായിരുന്നു. സിലക്ഷൻ ട്രയൽസ് നടക്കേണ്ട സ്‌കൂളിന്റെ ഗേറ്റ് അടച്ചത് താനല്ല. തുറന്ന് കൊടുക്കേണ്ടെന്ന് പറഞ്ഞിരുന്നു. കുട്ടികൾ ദുരിതത്തിലാണെന്ന വാർത്ത കണ്ടാണ് ഗേറ്റ് തുറക്കാൻ അനുമതി കൊടുത്തതെന്നും ശ്രീനിജൻ പറയുന്നു.
” സംസ്ഥാന സ്‌പോർട്‌സ് കൗൺസിലുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് കരാറിൽ ഏർപ്പെട്ടുവെന്ന് സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൽ നിന്ന് ജില്ലാ സ്‌പോർട്‌സ് കൗൺസിലിന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന് ഏകപക്ഷീയമായി കരാറിൽ ഏർപ്പെടാൻ കഴിയില്ലെന്നാണ് മനസിലാക്കുന്നത്. കരാറിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ അത് ജില്ലാ സ്‌പോർട്‌സ് കൗൺസിലിനെ അറിയിക്കണ്ടെ? ജില്ലാ സ്‌പോർട്‌സ് കൗൺസിലാണ് ഇതിന്റെ സംരക്ഷകർ. ഗേറ്റ് അടച്ചടച്ചത് ഞാനല്ല. അത് തുറന്ന് കൊടുക്കേണ്ടതില്ലെന്ന് നിലപാട് എടുത്തുവെന്നേ ഉള്ളു” എന്നും പി.വി.ശ്രീനിജൻ പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്‌സ് ജില്ലാ സ്‌പോർട്‌സ് കൗൺസിലിന് വാടക കൊടുത്തില്ലെന്ന് ആരോപിച്ച് സെലക്ഷൻ ട്രയൽസ് നടക്കുന്ന കൊച്ചിയിലെ സ്‌കൂളിന്റെ ഗേറ്റ് പൂട്ടിയിരുന്നു. സിലക്ഷനെത്തിയ നൂറിലധികം കുട്ടികളാണ് ഗേറ്റിന് പുറത്ത് കാത്ത് നിന്നത്. പ്രതിഷേധം ശക്തമായതിന് പിന്നാലെ ഗേറ്റ് തുറന്ന് കൊടുക്കാൻ കായികമന്ത്രി നിർദ്ദേശിക്കുകയായിരുന്നു.
Discussion about this post