എറണാകുളം: കാലടിയിൽ മദ്യപിച്ച് വാഹനം ഓടിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ. അയ്യമ്പുഴ സ്വദേശി രമേശ് ആണ് അറസ്റ്റിലായത്. ഇയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾക്ക് നിർദ്ദേശം നൽകുമെന്ന് പോലീസ് അറിയിച്ചു. ബസും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. കാലടി അങ്കമാലി റൂട്ടിൽ സർവീസ് നടത്തുന്ന ഏഞ്ചൽ ബസിലെ ഡ്രൈവർ ആണ് രമേശ്. വാഹനം സഞ്ചരിക്കുന്നതിൽ അസ്വാഭാവികത തോന്നിയതോടെ ബസിലെ യാത്രികർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് പോലീസ് സ്ഥലത്ത് പരിശോധന നടത്തിയത്. ചോദ്യം ചെയ്തതിൽ മദ്യപിച്ചതായി ഇയാൾ സമ്മതിക്കുകയായിരുന്നു.
ഇതിന് പിന്നാലെ ഇയാളെ കസ്റ്റഡിയിൽ എടുത്തു. വൈദ്യപരിശോധനയുൾപ്പെടെ നടത്തിയ ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാൾക്കെതിരെ നേരത്തെയും പരാതിയുമായി യാത്രികർ രംഗത്ത് എത്തിയിരുന്നു.












