പാലക്കാട് : പാലക്കാട് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഓഫീസറുടെ താമസസ്ഥലത്ത് നിന്ന് പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപ. പാലക്കാട് പാലക്കയം വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാറാണ് പിടിയിലായത്. തുടർന്ന് താമസസ്ഥലത്ത് നടത്തിയ തിരച്ചിലിൽ 35 ലക്ഷം രൂപയും മറ്റ് നിർണായക രേഖകളും പിടിച്ചെടുത്തു.
35 ലക്ഷം രൂപ കൂടാതെ 45 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപം, 25 ലക്ഷത്തിന്റെ സേവിംഗ് രേഖകൾ എന്നിവയാണ് ലോഡ്ജ് മുറിയിൽ നിന്ന് കണ്ടെടുത്തത്. പൊടിപിടിച്ച് പഴകിയ നിലയിലായിരുന്നു നോട്ടുകെട്ടുകൾ. പല നോട്ടുകളിലും മാറാല പിടിച്ചിരുന്നു. 17 കിലോ നാണയ ശേഖരവും കണ്ടെടുത്തു.
2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പ്രതി പിടിയിലായത്. ലൊക്കേഷൻ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയ മഞ്ചേരി സ്വദേശിയോട് പണവുമായി മണ്ണാർക്കാട് റവന്യൂ അദാലത്ത് ഹാളിലേക്ക് എത്താനായിരുന്നു ഉദ്യോഗസ്ഥൻ നൽകിയിരുന്ന നിർദേശം. ഇതോടെ നിരന്തരം കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥനെതിരെ ഇയാൾ പരാതി നൽകി. സുരേഷ് കുമാറിൻറെ കാറിൽ വെച്ചായിരുന്നു പണം കൈമാറിയത്. തുടർന്ന് വിജിലൻസ് ഉദ്യോഗസ്ഥരെത്തി പരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.












