ഇടുക്കി: ചിന്നക്കനാലിൽ വൻ നാശനഷ്ടം വരുത്തിയതിനെ തുടർന്ന് വനംവകുപ്പ് പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിലെത്തിച്ച അരിക്കൊമ്പന്റെ പേരിൽ പണപ്പിരിവ്. കാട്ടുകൊമ്പന് അരിവാങ്ങാനും ചിന്നക്കനാലിൽ തിരികെ എത്തിക്കാനും ഉള്ള നിയമനടപടികൾക്കുള്ള ചിലവ് എന്ന നിലയിലാണ് പണം പിരിച്ചെടുത്തത്. 8 ലക്ഷത്തോളം രൂപയാണ് ഇത്തരത്തിൽ പിരിച്ചെടുത്തത്. പ്രവാസികളിൽ നിന്നടക്കമാണ് പണം സ്വീകരിച്ചത്.
എറണാകുളം സ്വദേശികളായ ചിലർ ചേർന്ന് ഏപ്രിൽ 30ന് രൂപീകരിച്ച ‘എന്നും അരിക്കൊമ്പനൊപ്പം’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് പിരിവ് നടത്തിയിരുന്നത്. സംസ്ഥാനത്തെ പ്രമുഖ മൃഗസ്‌നേഹികളെയും ഇവർ ഗ്രൂപ്പിന്റെ ഭാഗമാക്കിയിരുന്നു.
സിനിമാ താരത്തിൻറെ സഹോദരി എന്ന് സ്വയം പരിചയപ്പെടുത്തിയ യുവതി തൻറെ ഭർത്താവ് ഒരു എൻആർഐ ആണെന്നും അദ്ദേഹത്തിൻറെ അക്കൗണ്ടിലേക്ക് പണം സ്വീകരിച്ചാൽ അന്വേഷണം ഉണ്ടാവില്ലെന്ന് ഗ്രൂപ്പുകളിൽ അറിയിച്ചിരുന്നു. ഗ്രൂപ്പിൻറെ അഡ്മിൻ പാനലിൽ ഉണ്ടായിരുന്ന സൈനികൻ അടക്കമുള്ള ചിലരാണ് അരിക്കൊമ്പൻറെ പേരിലുള്ള തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.
സംഭവത്തെ കുറിച്ച് സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പൊതുപ്രവർത്തകനായ അഡ്വ. ശ്രീജിത്ത് പെരുമന ഡിജിപിക്ക് നൽകിയ പരാതിയിലാണ് അന്വേഷണം. എഡിജിപി എം.ആർ.അജിത് കുമാറിനാണ് അന്വേഷണച്ചുമതല. അതേസമയം, തങ്ങൾക്ക് നേരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ‘ എന്നും അരിക്കൊമ്പനൊപ്പം’ വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിൻ എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
Discussion about this post