ന്യൂഡൽഹി : പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. റെക്കോർഡ് സമയം കൊണ്ടാണ് പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത് എന്ന് അദ്ദേഹം പറഞ്ഞു. പുതിയ മന്ദിരം പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണത്തിന്റെ അടയാളമാണ്. നിർമാണത്തിൽ പങ്കാളികളായ 60,000 തൊഴിലാളികളെയും പ്രധാനമന്ത്രി ആദരിക്കുംമെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യയ്ക്ക് അധികാരം കൈമാറ്റം ചെയ്യുന്നതിനെ സൂചിപ്പിക്കുന്ന സ്വാതന്ത്ര്യത്തിന്റെ സുപ്രധാന ‘ ചരിത്ര ചിഹ്നമായ ‘സെങ്കോൽ’ (ചെങ്കോൽ) പാർലമെന്റിൽ സ്ഥാപിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
”ചെങ്കോലിന് വലിയ പ്രാധാന്യമുണ്ട്. 1947 ഓഗസ്റ്റ് 14ന് രാത്രി 10.45 ന് പണ്ഡിറ്റ് നെഹ്റുവിന് തമിഴ്നാട്ടിൽ നിന്ന് ഈ ചെങ്കോൽ ലഭിച്ചു. നിരവധി മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ അദ്ദേഹം ഇത് സ്വാതന്ത്ര്യം നേടിയതിന്റെ പ്രതീകമായി സ്വീകരിച്ചു. ബ്രിട്ടീഷുകാരിൽ നിന്ന് ഈ രാജ്യത്തെ ജനങ്ങളിലേക്ക് അധികാരം കൈമാറി എന്നതിന്റെ പ്രതീകമാണിത്” അദ്ദേഹം പറഞ്ഞു.
തമിഴ് സംസ്കാരത്തിൽ ചെങ്കോലിന് വലിയ പ്രാധാന്യമുണ്ടെന്ന് ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി. ‘ചോള രാജവംശത്തിന്റെ കാലം മുതൽ ചെങ്കോൽ അതിവിശിഷ്ടമായാണ് കണക്കാക്കപ്പെടുന്നത്. ഈ ചെങ്കോൽ ഇനി പുതിയ പാർലമെന്റിൽ സൂക്ഷിക്കും. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മുമ്പ് തമിഴ്നാട്ടിൽ നിന്നുള്ള ചെങ്കോൽ പ്രധാനമന്ത്രി ഏറ്റുവാങ്ങുമെന്നും അദ്ദേഹം അത് പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുമെന്നും അമിത് ഷാ പറഞ്ഞു.
ഇത് ഇന്ത്യയുടെ അമൃത കാലത്തെ അടയാളപ്പെടുത്തും. അലഹബാദിലെ ഒരു മ്യൂസിയത്തിൽ ചെങ്കോൽ സൂക്ഷിച്ചിട്ടുണ്ടെന്നും അത് പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രി ജി കിഷൻ റെഡ്ഡി, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ, യുവജനകാര്യ, കായിക മന്ത്രി അനുരാഗ് ഠാക്കൂർ എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു.
Discussion about this post