ഇത് സേവ് ദ ഡേറ്റുകളുടെ കാലമാണ്. വിവാഹം നടത്തുന്നുണ്ടെങ്കിൽ അതിനൊരു സേവ് ദ ഡേറ്റ് പ്രധാനമാണെന്ന് പറയുന്നവരാണ് ന്യൂ ജെൻ ആളുകളെല്ലാം. അതിനായി മനോഹരമായ പാടങ്ങളും കാടുകളും പുഴയോരങ്ങളും ബീച്ച് സൈഡുകളുമെല്ലാമാണ് തിരഞ്ഞെടുക്കുന്നത്. പിന്നെ കുറച്ച് വ്യത്യസ്തമായി ബൈക്കിന്റെയും കാറിന്റെയും മുകളിൽ കയറിയിരുന്ന് വീഡിയോ എടുക്കുന്നവരുണ്ട്. അത് വൈറലാകുന്നതോടെ എംവിഡിയും ഇവരെ തേടിയെത്തും. അങ്ങനെ പണികിട്ടിയവരും ഏറെയാണ്.
എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു സേവ് ദ ഡേറ്റ് വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. വയനാട്ടിലെ ഗോത്ര വിഭാഗമായ പണിയ സമുദായത്തിലെ അവനീതിന്റേയും അഞ്ജലിയുടെയും സേവ് ദ ഡേറ്റാണിത്.

പരമ്പരാഗത ഗോത്ര വസ്ത്രങ്ങളിലാണ് ഇരുവരും എത്തുന്നത്. മനോഹരമായ ഗോത്ര ഗാനത്തിന്റെ ഈണത്തിൽ ഇരുവരും നടന്നടുക്കുന്നതും ആൽത്തറയ്ക്ക് മുന്നിൽ വെച്ച് കുരവളോടെ താലികെട്ടുന്നതും കാണാം.
സാധാരണ സേവ് ദ ഡേറ്റുകളിൽ നിന്ന് വളരെ വ്യത്യസ്തമായി നിൽക്കുന്ന ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ഇതിൽ പ്രതികരിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.












