ലക്‌നൗ: മുഗൾ ഭരണാധികാരി ഔറംഗസേബ് മാന്യനായിരുന്നുവെന്ന് അഞ്ജുമാൻ ഇസ്ലാമിയ മസ്ജിദ് കമ്മിറ്റി. ജ്ഞാൻവാപി മസ്ജിദ് കേസുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലായിരുന്നു കമ്മിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. അങ്ങിനെയൊരാൾ ഒരിക്കലും ക്ഷേത്രം തകർക്കാൻ കഴിയില്ലെന്നും കമ്മിറ്റി കോടതിയിൽ വ്യക്തമാക്കി.
മസ്ജിദിന്റെ പഴക്കം നിർണയിക്കാൻ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു വിശ്വാസി സമൂഹം വാരാണസി കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു അഞ്ജുമാൻ ഇസ്ലാമിയ കമ്മിറ്റി മറുപടി സത്യവാങ്മൂലം സമർപ്പിച്ചത്. പരിശോധനയ്‌ക്കെതിരെ ശക്തമായ എതിർപ്പായിരുന്നു കമ്മിറ്റി പ്രകടമാക്കിയത്.
ഔറംഗസേബ് ക്രൂരനായിരുന്നില്ലെന്ന് കമ്മിറ്റിയുടെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. അദ്ദേഹം ഒരു മാന്യനായിരുന്നു. ഒരിക്കലും ക്ഷേത്രം തകർക്കാൻ അദ്ദേഹം ഉത്തരവിടില്ല. വിശ്വേശര ക്ഷേത്രം തകർക്കാനും അദ്ദേഹത്തിന് കഴിയില്ല. മസ്ജിദ് നിലനിൽക്കുന്ന സ്ഥലത്ത് ക്ഷേത്രം ഉണ്ടായിരുന്നില്ലെന്നും കമ്മിറ്റി കോടതിയെ അറിയിച്ചു.
മസ്ജിദിന് ആയിരം വർഷം പഴക്കമുണ്ട്. ഇന്നലെയും ഇന്നും അവിടെ മസ്ജിദ് മാത്രമാണുള്ളത്. വരണാസിയിലും പരിസരത്തുമുള്ള ആളുകൾ വർഷങ്ങളായി ഇവിടെ ആരാധന നടത്തുന്നു. അതുകൊണ്ട് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പരിശോധന ആവശ്യമില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.









