ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് സർവ്വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 11 മണിയ്ക്കാണ് അദ്ദേഹം സംസ്ഥാനത്തെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനം ചെയ്യുക. ഡെറാഡൂണിൽ നിന്നും ഡൽഹിയിലേക്കാണ് തീവണ്ടി സർവ്വീസ് നടത്തുക.
വീഡിയോ കോൺഫറൻസിംഗ് വഴിയാകും അദ്ദേഹം ഉദ്ഘാടനം നിർവ്വഹിക്കുക. ഇതിന് ശേഷം ഉത്തരാഖണ്ഡിലെ ജനങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്യും. ചടങ്ങിൽ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയും മറ്റ് പ്രമുഖരും പങ്കെടുക്കും. ഉത്തരാഖണ്ഡിന്റെ പൊതുഗതാഗത മേഖലയ്ക്ക് വന്ദേഭാരതിന്റെ വരവ് വലിയ ഉണർവ്വാകും നൽകുക.
രാജ്യത്തെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. പ്രതിവർഷം മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും നിരവധി പേരാണ് ഇവിടേയ്ക്ക് എത്താറുള്ളത്. പുതിയ വന്ദേഭാരത് സർവ്വീസ് ഇവിടേയ്ക്ക് എത്തുന്നവരുടെ യാത്ര എളുപ്പമാക്കും. ഇത് കൂടുതൽ ആളുകളെ സംസ്ഥാനത്തേക്ക് ആകർഷിക്കുമെന്നാണ് വിലയിരുത്തുന്നത്. അധികം വൈകാതെ ഉത്തരാഖണ്ഡിൽ കൂടുതൽ വന്ദേഭാരത് എക്‌സ്പ്രസുകൾ സർവ്വീസ് നടത്താൻ ആരംഭിക്കും.
വന്ദേഭാരതിന്റെ വരവോട്കൂടി ഉത്തരാഖണ്ഡിന്റെ പൊതുഗതാഗത രംഗത്ത് വലിയ വിപ്ലവമാണ് ഉണ്ടാകുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡെറാഡൂണിൽ നിന്നും ഡൽഹിയിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസ് ഇന്ന് താൻ ഉദ്ഘാടനം ചെയ്യും. പരിപാടിയിലേക്ക് ഏവരുടെയും സാന്നിദ്ധ്യം ക്ഷണിച്ചുകൊള്ളുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.








