ന്യൂഡൽഹി: പാസ്‌പോർട്ടിനായുള്ള രാഹുൽ ഗാന്ധിയുടെ അപേക്ഷയെ കോടതിയിൽ എതിർത്ത് മുതിർന്ന ബിജെപി നേതാവ് സുബ്രമഹ്ണ്യൻ സ്വാമി. രാഹുലിന് പാസ്‌പോർട്ടിന് അനുമതി നൽകിയാൽ വിചാരണയ്ക്കിടെ രാജ്യം വിട്ടേക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി ഹൈക്കോടതിയിൽ അപേക്ഷയെ അദ്ദേഹം എതിർത്തത്. ഇതോടെ കേസ് അന്വേഷണം അട്ടിമറിയ്ക്കപ്പെടാൻ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
പാസ്‌പോർട്ടിനായി നിരാക്ഷേപസാക്ഷ്യപത്രം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധി ഡൽഹി കോടതിയെ സമീപിച്ചത്. അപകീർത്തി കേസിൽ നടപടി നേരിട്ടതിനെ തുടർന്ന് അദ്ദേഹം പാസ്‌പോർട്ടും മറ്റ് രേഖകളും അധികൃതർക്ക് മുൻപാകെ സമർപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ അദ്ദേഹം പുതിയ പാസ്‌പോർട്ടിനായി അപേക്ഷ നൽകിയിരുന്നു. ഇത് ലഭിക്കുന്നതിന് വേണ്ടിയാണ് നിരാക്ഷേപസാക്ഷ്യപത്രം.
ജൂൺ നാലിന് അമേരിക്കയിലെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ ഒരു പരിപാടിയിൽ പങ്കെടുക്കണമെന്ന് കാട്ടിയാണ് അദ്ദേഹം പുതിയ പാസ്‌പോർട്ടിനായി അപേക്ഷ നൽകിയിട്ടുള്ളത്.
നിലവിൽ നാഷണൽ ഹെറാൾഡ് കേസിലും രാഹുൽ അന്വേഷണം നേരിടുന്നുണ്ട്. ഈ അന്വേഷണത്തെ രാഹുലിന്റെ യാത്ര ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സുബ്രമഹ്ണ്യൻ സ്വാമി അപേക്ഷയെ എതിർത്തത്. നിലവിൽ കേസ് അന്വേഷണം പുരോഗമിക്കുകയാണ്. രാഹുൽ രാജ്യം വിടാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല. കോടതിയും കേസ് പരിഗണിക്കാനിരിക്കുകയാണ്. ഇതിനിടെയുള്ള യാത്ര ചിലപ്പോൾ കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി.








