ഇസ്ലാമാബാദ്: ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്രീകെ ഇൻസാഫ് വിട്ട് കൂടുതൽ നേതാക്കൾ. ഇന്നലെ മൂന്ന് നേതാക്കളാണ് പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. ഈ മാസം ഒൻപതാം തിയതി രാജ്യത്തുണ്ടായ കലാപങ്ങളുടെ പേരിലാണ് നേതാക്കൾ പാർട്ടി വിട്ട് പോകുന്നത്. മലീക ബൊഖാരി, ചീമ, അസദ് ഉമർ എന്നീ നേതാക്കളാണ് ഇന്നലെ പാർട്ടി വിടുകയാണെന്ന പ്രഖ്യാപനം നടത്തിയത്. മൂന്ന് പേരും വെവ്വേറെ പത്രസമ്മേളനങ്ങൾ നടത്തിയാണ് പാർട്ടി വിടുന്ന കാര്യം അറിയിച്ചത്.
ഈ മാസം ഒൻപതിന് നടന്ന അക്രമസംഭവങ്ങൾ അങ്ങേയറ്റം വേദനാജനകമാണെന്നും, ഈ സംഭവങ്ങളെ അപലപിക്കുകയാണെന്നും മലീക ബൊഖാരി പറഞ്ഞു. ആരുടേയും നിർബന്ധ പ്രകാരമല്ല ഈ തീരുമാനമെന്നും ബൊഖാരി പറയുന്നു. ഒരു അഭിഭാഷകൻ എന്ന നിലയിൽ കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ ആഗ്രഹിക്കുന്നു. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ആഗ്രഹമുണ്ട്. ഈ മാസം ആദ്യം നടന്ന അക്രമസംഭവങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണമെന്നും ബൊഖാരി ആവശ്യപ്പെടുന്നു.
ഇമ്രാൻ ഖാന്റെ അറസ്റ്റിന്റെ പേരിലുണ്ടായ അക്രമസംഭവങ്ങൾ തന്നെ ഏറെ വേദനിപ്പിച്ചുവെന്നും ചീമ പറഞ്ഞു. ഇനി ഈ പാർട്ടിയിൽ തുടരുന്നതിൽ അർത്ഥമില്ല. അവിടെ എന്താണ് സംഭവിക്കുന്നതെന്ന് അറിഞ്ഞപ്പോൾ ബുദ്ധിമുട്ട് തോന്നി. പ്രവർത്തകർ അക്രമാസക്തരാകുന്നത് പാർട്ടിയുടെ പരാജയമാണെന്നും ചീമ ആരോപിച്ചു. പാകിസ്താൻ മുൻ ധനമന്ത്രിയും പിടിഐ സെക്രട്ടറി ജനറലുമായ അസദ് ഉമറാണ് സ്ഥാനം ഒഴിഞ്ഞ മറ്റൊരാൾ. പാർട്ടിയെ നയിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും എല്ലാ സ്ഥാനമാനങ്ങളും ഒഴിയുകയാണെന്നും അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു.
Discussion about this post