കോഴിക്കോട്: കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ദിഖിനെ കൊന്ന് കൊക്കയിൽ തള്ളിയ കേസിലെ പ്രതികളെ ചെന്നൈയിൽ നിന്ന് തിരൂരിലെത്തിച്ചു. ഷിബിലി, ഫർഹാന എന്നിവരെയാണ് പുലർച്ചെ രണ്ടരയോടെ തിരൂർ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചത്. രക്ഷപെടാനുള്ള ശ്രമങ്ങൾക്കിടെ ചെന്നൈയിൽ നിന്നാണ് ഇവർ പിടിയിലാകുന്നത്. എസ്പിയുടെ നേതൃത്വത്തിൽ ഇവരെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. രണ്ട് പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും സൂചനയുണ്ട്.
കൊലപാതകം നടത്തിയതിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ, കൊലപാതകം നടത്തിയതിന്റെ ഉദ്ദേശം തുടങ്ങിയ കാര്യങ്ങളായിരിക്കും പ്രധാനമായും ചോദിച്ചറിയുന്നത്. അതേസമയം സിദ്ദിഖിന്റെ മൃതദേഹം ഇന്നലെ രാത്രിയോടെ തിരൂർ കോരങ്ങാട് ജുമാ മസ്ജിദിൽ ഖബറടക്കി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷമാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകിയത്.
നെഞ്ചിലേറ്റ ചവിട്ടാണ് മരണകാരണമായി പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്നത്. വാരിയെല്ലുകൾക്ക് പൊട്ടാലുണ്ട്. സിദ്ദിഖിന്റെ തലയിൽ അടിയേറ്റ പാടുണ്ടെന്നും മരിച്ച ശേഷം ശരീരം വെട്ടിമുറിച്ചുവെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ഇലക്ട്രിക് കട്ടർ ഉപയോഗിച്ചാണ് കാലുകൾ മുറിച്ച് മാറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു.
Discussion about this post