ഇടുക്കി: കമ്പം ടൗണിൽ അക്രമാസക്തനായി അരിക്കൊമ്പൻ. ആനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ആന എടുത്തെറിഞ്ഞ മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ജനവാസമേഖലയിൽ തന്നെ ആന തുടരുന്നത് ആളുകളിലും വലിയ തോതിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. ആന ടൗണിലൂടെ ഒാടുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്ത് വന്നിട്ടുണ്ട്. നാട്ടുകാർ ബഹളം വച്ചതിനെ തുടർന്നാണ് ആന പ്രദേശത്ത് കൂടി ഓടുന്നത്. ആളുകൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലൂടെയാണ് അരിക്കൊമ്പൻ നീങ്ങുന്നത്. പ്രദേശത്തെ ആളുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
വഴിയരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് അടക്കം അരിക്കൊമ്പൻ കേടുപാട് വരുത്തിയിട്ടുണ്ട്. ഓട്ടോറിക്ഷകൾ തകർത്തു. നിലവിൽ കൂടുതൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്തേക്ക് എത്തിയിട്ടുണ്ട്. ആനയെ ഏതുവിധേയനയും കാടിനുള്ളിലേക്ക് തുരത്താനാണ് ഉദ്യോഗസ്ഥരുടെ ശ്രമം. പ്രദേശത്തെ ഒരു പുളിന്തോട്ടത്തിലാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്.
ചിന്നക്കനാൽ ഭാഗത്തേക്കാണ് അരിക്കൊമ്പൻ നീങ്ങുന്നതാണ് എന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. കമ്പത്ത് നിന്ന് ചിന്നക്കനാലിലേക്ക് 88 കിലോമീറ്റർ ദൂരമാണുള്ളത്. വനമേഖലയും കാർഷിക മേഖലയും കടന്നാണ് അരിക്കൊമ്പൻ കമ്പം ടൗണിൽ എത്തിയിരിക്കുന്നത്. ദേശീയപാത മുറിച്ചു കടന്നാണ് കമ്പം ടൗണിൽ എത്തിയിരിക്കുന്നത്. ഇനി ഒരു ദേശീയപാത കൂടി മുറിച്ചുകടന്നാൽ ചിന്നക്കനാലിന് വളരെ അടുത്തെത്തും.












