ന്യൂഡൽഹി ; പാർലമെന്റിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് എംപി പദവി നഷ്ടപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മൂന്ന് വർഷത്തേക്ക് സാധാരണ പാസ്‌പോർട്ട് അനുവദിക്കാൻ ഡൽഹി കോടതി അനുമതി നൽകി. എംപി പദവിയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷം രാഹുൽ നയതന്ത്ര പാസ്‌പോർട്ട് സറണ്ടർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിനായി രാഹുൽ ഗാന്ധി കോടതിയെ സമീപിച്ചത്. “ഞാൻ നിങ്ങളുടെ അപേക്ഷ ഭാഗികമായി അനുവദിക്കുകയാണ്. 10 വർഷത്തേക്കല്ല, മൂന്ന് വർഷത്തേക്കാണ് പാസ്പോർട്ട് അനുവദിക്കുന്നത് ,” കോടതി പറഞ്ഞു.
ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിനൽകിയ കള്ളപ്പണം വെളുപ്പിക്കൽ നാഷണൽ ഹെറാൾഡ് ഫണ്ട് ദുർവിനിയോഗം എന്നീ കേസുകൾ നിലനിൽക്കുന്നതിനാലാണ് രാഹുലിന് കോടതിയുടെ ക്ലിയറൻസ് ആവശ്യമായി വന്നത്. നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന രാഹുലിൻറെ അപേക്ഷയിൽ പരാതിക്കാരനായ സുബ്രഹ്മണ്യ സ്വാമിയുടെ വാദവും കോടതി കേട്ടിരുന്നു.
യാത്ര ചെയ്യാനുള്ള അവകാശം മൗലികാവകാശമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് വൈഭവ് മേത്തയാണ് അപേക്ഷയിൽ വാദം കേട്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിനെക്കുറിച്ചുള്ള പരാമർശത്തിൻറെ പേരിലുള്ള മാനനഷ്ടക്കേസിലാണ് രാഹുലിനെ അയോഗ്യനാക്കിയത് . വഞ്ചന, ഗൂഢാലോചന, ക്രിമിനൽ വിശ്വാസ ലംഘനം എന്നിവ ആരോപിച്ച് സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും മറ്റുള്ളവർക്കുമെതിരെ സുബ്രഹ്മണ്യ സ്വാമി നൽകിയ സ്വകാര്യ ക്രിമിനൽ പരാതിയുടെ അടിസ്ഥാനത്തിലാണ് നാഷണൽ ഹെറാൾഡ് കേസ്.










