കമ്പം: തമിഴ്‌നാട് കമ്പത്തെ ജനവാസമേഖലയിൽ എത്തിയ അരിക്കൊമ്പൻ എന്ന കാട്ടാന വിരണ്ടോടാൻ കാരണക്കാരനായ യൂട്യൂബർ അറസ്റ്റിൽ. ഒരു പുളിന്തോട്ടത്തിൽ ശാന്തനായി നിൽക്കുകയായിരുന്ന ആനയുടെ സമീപത്തേക്ക് ഡ്രോൺ പറത്തിവിട്ടതാണ് ആന ഭയന്നോടാൻ കാരണമായത്. ഡ്രോൺ പറത്തിയ ആളെ പോലീസ് പിടികൂടുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ചിന്നമന്നൂർ സ്വദേശിയായ യൂട്യൂബർ ആണ് പിടിയിലായത്.
കമ്പം ടൗണിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് ലംഘിച്ച 20 പേർക്കെതിരെ കേസെടുത്തു. കമ്പംമേട്ട് റൂട്ടിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ആന നിൽക്കുന്ന പ്രദേശത്തേയ്ക്ക് ജനങ്ങൾ എത്താതിരിക്കുന്നതിന് ശക്തമായ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.
അതേസമയം അരിക്കൊമ്പനെ ജനവാസമേഖലയിൽ നിന്ന് മാറ്റുന്നതിനായി രണ്ടാം അരിക്കൊമ്പൻ ദൗത്യം നാളെ നടത്തും. മേഘമല സിസിഎഫിനാണ് ദൗത്യത്തിന്റെ ചുമതല. ഡോ കലൈവാണൻ, ഡോ പ്രകാശ് എന്നിവരാണ് സംഘത്തിലുള്ളത്. കൊമ്പനെ പിടികൂടി മേഘമല വെള്ളമലയിലെ വരശ്നാട് താഴ്വരയിലേക്ക് മാറ്റാനാണ് തമിഴ്നാട് വനംവകുപ്പിന്റെ നീക്കം.
ആനയെ നാളെ പുലർച്ചെ മയക്കുവെടി വച്ച് മേഘമലയിലെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി കോയമ്പത്തൂരിൽ നിന്ന് രണ്ട് കുങ്കിയാനകളും ഡോക്ടർമാർ, പാപ്പാൻമാർ എന്നിവരടങ്ങിയ സംഘം പുറപ്പെട്ടു കഴിഞ്ഞു.കോയമ്പത്തൂർ ടോപ് സ്ലിപ്പിൽ നിന്ന് ഇന്ന് രണ്ട് കുങ്കിയാനകളെയാണ് അരിക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്ന കമ്പത്ത് എത്തിക്കുക. സ്വയംഭൂ, മുത്തു എന്നീ കുങ്കിയാനകളാണ് രണ്ടാം അരിക്കൊമ്പൻ ദൗത്യത്തിന് നേതൃത്വം വഹിക്കുക.
അരിക്കൊമ്പന്റെ നീക്കങ്ങൾ ട്രാക്ക് ചെയ്യാൻ ഘടിപ്പിച്ച റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ കിട്ടാൻ ആദ്യം മുതലേ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഒരു മണിക്കൂർ കൂടുമ്പോഴാണ് അരിക്കൊമ്പനിൽ നിന്ന് സിഗ്നലുകൾ ലഭിക്കുന്നത്.








