ന്യൂഡൽഹി ;പാസ്പോർട്ട് ലഭിച്ചതിന് തൊട്ടുപിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്നു. നാളെ രാഹുൽ ഗാന്ധി യുഎസിലേക്കു പോകുമെന്നാണ് റിപ്പോർട്ടുകൾ. വാഷിങ്ടൻ ഡിസി, ന്യൂയോർക്ക്, സാൻഫ്രാൻസിസ്കോ എന്നിവിടങ്ങളിലെ സർവ്വകലാശാല വിദ്യാർഥികളുമായി രാഹുൽ ഗാന്ധി സംവദിക്കും. വിവിധ മേഖലകളിൽ നിന്നുള്ളവരുമായി രാഹുൽ കൂടിക്കാഴ്ച നടത്തുമെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നത്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മൂന്ന് വർഷത്തേക്കാണ് ഇക്കഴിഞ്ഞ ദിവസം കോടതി അനുമതിയോടെ പാസ്പോർട്ട് ലഭിച്ചത്. എതിർപ്പില്ലാ രേഖ (എൻഒസി) ഡൽഹി റോസ് അവന്യു കോടതി നൽകിയതോടെയാണ് പുതിയ പാസ്പോർട്ട് ലഭിച്ചത്. കാലാവധി കഴിഞ്ഞാൽ പാസ്പോർട്ട് പുതുക്കാൻ രാഹുൽ വീണ്ടും കോടതിയെ സമീപിക്കണം.
10 വർഷത്തേക്ക് എൻഒസി നൽകണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം. എന്നാൽ, രാഹുൽ വിദേശത്തേക്കു പോകുന്നതു നാഷനൽ ഹെറാൾഡ് കേസിന്റെ തുടർ നടപടികളെ ബാധിക്കുമെന്നു കേസിലെ പരാതിക്കാരനായ സുബ്രഹ്മണ്യൻ സ്വാമി എതിർപ്പറിയിച്ചിരുന്നു.ഇതേ തുടർന്നാണ് മൂന്നു വർഷത്തേക്ക് മാത്രം എൻഒസി നൽകാൻ കോടതി തീരുമാനിച്ചത്. ലോക്സഭാംഗത്വം നഷ്ടമായതിനെ തുടർന്ന് രാഹുൽ തന്റെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് സറണ്ടർ ചെയ്തു. ഇതിനു പകരം സാധാരണ പാസ്പോർട്ട് ലഭിക്കാൻ എൻഒസി തേടിയാണ് രാഹുൽ കോടതിയെ സമീപിച്ചത്. രാഹുലിനെതിരായ നാഷനൽ ഹെറാൾഡ് കേസ് നിലനിൽക്കുന്നതിനാലാണിത്.
Discussion about this post