ബംഗളൂരു : കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ പേരക്കുട്ടി രാഹുൽ ഗാന്ധിക്ക് എഴുതിയ കത്താണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. കോൺഗ്രസ് നേതാവ് ടിബി ജയചന്ദ്രന്റെ പേരമകളായ ആർണ സന്ദീപ് ആണ് രാഹുലിന് കത്തയച്ചത്. തന്റെ മുത്തച്ഛന് മന്ത്രി സ്ഥാനം നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്.
”പ്രിയപ്പെട്ട രാഹുൽ ഗാന്ധി, ഞാൻ ടിബി ജയചന്ദ്രന്റെ പേരക്കുട്ടിയാണ്. എന്റെ മുത്തച്ഛൻ മന്ത്രിയാകാത്തതിൽ വളരെ വിഷമമുണ്ട്. കഴിവുളള വ്യക്തിയും കഠിനാധ്വാനിയുമായതിനാൽ അദ്ദേഹത്തെ മന്ത്രിയാക്കണമെന്നാണ് എന്റെ ആഗ്രഹം” ആർണ കത്തിൽ എഴുതി.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിപുലീകരിച്ച മന്ത്രിസഭ ശനിയാഴ്ച (മെയ് 27) സത്യപ്രതിജ്ഞ ചെയ്തു. എന്നാൽ മുതിർന്ന കോൺഗ്രസ് നേതാവ് ടിബി ജയചന്ദ്രയെ ക്യാബിനറ്റ് മന്ത്രിമാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. അതേസമയം, കുഞ്ചിറ്റിഗ സമുദായത്തിന് പ്രാതിനിധ്യം നൽകിയില്ലെന്ന് ആരോപിച്ച് ടിബി ജയചന്ദ്രയുടെ അനുയായികൾ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വീടിന് പുറത്ത് പ്രകടനം നടത്തി. സംഭവത്തിൽ പാർട്ടി ഹൈക്കമാന്റിനെ സമീപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
Discussion about this post