വെല്ലൂർ: പാമ്പുകടിയേറ്റ് മരിച്ച ഒന്നര വയസുകാരി മകളുടെ മൃതദേഹവും കൈയ്യിലെടുത്ത് അമ്മ നടന്നത് പത്ത് കിലോമീറ്ററുകൾ. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് സംഭവം. കുട്ടിയുടെ മൃതദേഹവുമായി എത്തിയ ആംബുലൻസ് റോഡിന്റെ ശോച്യാവസ്ഥമൂലം ഇവരെ പകുതി വഴിയിൽ ഇറക്കി വിടുകയായിരുന്നു.
വെല്ലൂർ അള്ളേരി മലയോര ഗ്രാമത്തിലെ വിജയ്, പ്രിയ ദമ്പതികളുടെ മകൾ ധനുഷ്‌കയാണ് മരിച്ചത്. കൂലിപ്പണിക്കാരനാണ് വിജയ്. വെളളിയാഴ്ച രാത്രി വീട്ടിൽ ഉറങ്ങുന്നതിനിടെയാണ് ധനുഷ്‌കയ്ക്ക് പാമ്പു കടിയേറ്റത്. സഞ്ചാരയോഗ്യമായ റോഡില്ലാത്തതിനാൽ മാതാപിതാക്കൾക്ക് കുട്ടിയെ പെട്ടന്ന് ആശുപത്രിയിലെത്തിക്കാനായില്ല. അതുകൊണ്ടു തന്നെ കൃത്യ സമയത്ത് ചികിത്സ നൽകാനും ആയില്ല.
ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ധനുഷ്‌ക മരിച്ചിരുന്നു. ശരിയായ റോഡ് സംവിധാനങ്ങൾ ഇല്ലാതെ പോയതുകൊണ്ട് ഒരു പിഞ്ചുകുട്ടി മരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ പറഞ്ഞു. അതിലും ദാരുണമാണ് അവളുടെ ശവശരീരവുമായി ആ മാതാപിതാക്കൾക്ക് കിലോമീറ്ററുകൾ നടക്കേണ്ടി വന്ന സംഭവമെന്നും അണ്ണാമലെ ചൂണ്ടിക്കാട്ടി.
ആംബുലൻസ് എത്തുന്ന സ്ഥലം വരെ എത്തിയ ഇവരെ പിന്നീട് നാട്ടുകാരായ യുവാക്കൾ ബൈക്കുകളിലായി ഗ്രാമത്തിന് അടുത്ത് വരെ എത്തിച്ചു. ബൈക്കും സഞ്ചരിക്കാൻ സാധിക്കാത്ത വഴിയിലെത്തിയതോടെ കുഞ്ഞിന്റെ മൃതദേഹവും കൈയ്യിലേന്തി ഒപ്പമുണ്ടായിരുന്ന സ്ത്രീയ്‌ക്കൊപ്പം അമ്മ മല കയറുകയായിരുന്നു.
കുട്ടിയുടെ മരണത്തിന്റെ പൂർണ ഉത്തരവാദി തമിഴ്‌നാട് സർക്കാരാണെന്ന് അണ്ണാമലൈ പറഞ്ഞു. ഉൾപ്രദേശങ്ങളിലും മലയോര മേഖലയിലും ഉൾപ്പെടെ സഞ്ചാരയോഗ്യമായ റോഡുകൾ നിർമിക്കാൻ സർക്കാർ തയ്യാറാകണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ ഫണ്ടിൽ മലയോര മേഖലകളിലും ഉൾപ്രദേശങ്ങളിലും റോഡുകൾ നിർമിക്കാൻ നിരവധി പദ്ധതികൾ ഉണ്ടെന്നും എന്നിട്ടും റോഡുകൾ ശരിയാക്കുന്നില്ലെങ്കിൽ ആരാണ് ഉത്തരവാദിയെന്നും സ്റ്റാലിൻ സർക്കാരിനെ വിമർശിച്ച് അണ്ണാമലൈ ചോദിച്ചു.
Discussion about this post