ശ്രീനഗർ: ജമ്മു കശ്മീരിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 10 മരണം. 20 പേർക്ക് പരിക്കേറ്റു. ജമ്മു- ശ്രീനഗർ ദേശീയ പാതയിൽ ഝജ്ജാർ കോട്ട്‌ലിയ്ക്ക് സമീപം രാവിലെയോടെയായിരുന്നു അപകടം ഉണ്ടായത്.
അമൃത്‌സറിൽ നിന്നും കത്വയിലേക്ക് പോകുകയായിരുന്നു ബസ്. ഇതിനിടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം തെറ്റിയ ബസ് റോഡിന് അരികിലെ ഭിത്തിയിൽ ഇടിച്ച് താഴേയ്ക്ക് മറിയുകയായിരുന്നു. 75 പേരാണ് സംഭവ സമയം ബസിൽ ഉണ്ടായിരുന്നത്.
ഉടനെ ആളുകൾ രക്ഷാപ്രവർത്തനം ആരംഭിച്ചു. ബസിനടിയിൽ നിരവധി പേരാണ് കുടുങ്ങിക്കിടന്നിരുന്നത്. ക്രെയിൻ ഉപയോഗിച്ച് ബസ് മാറ്റിയാണ് ഇവരെ പുറത്തെടുത്തത്. 10 പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. പരിക്കേറ്റവർ ജമ്മുവിലെ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ബസിന് തകരാർ സംഭവിച്ചതാണോ അപ്രതീക്ഷിത അപകടത്തിന് കാരണമായത് എന്ന് പരിശോധിക്കുന്നുണ്ട്. അമിത വേഗതയിലായിരുന്നോ വാഹനം എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.








