കോട്ടയം: കാഞ്ഞിരപ്പള്ളി മേഖലയിൽ ഭൂമിയ്ക്കടിയിൽ മുഴക്കം കേട്ടതായി നാട്ടുകാർ. തിങ്കളാഴ്ച രാത്രിയും ഇന്ന് പുലർച്ചെയുമാണ് മുഴക്കം കേട്ടത്. ഇതേ തുടർന്ന് സ്ഥലത്ത് പരിശോധനയ്ക്കൊരുങ്ങുകയാണ് സംസ്ഥാന ജിയോളജി വകുപ്പ്.
കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളിൽ ഉൾപ്പെട്ട പ്രദേശങ്ങളിലാണ് ഭൂമിക്കടിയിൽ നിന്ന് മുഴക്കവും ശബ്ദവും കേട്ടത്. നിമിഷങ്ങളോളം മുഴക്കം ഉണ്ടായതായി നാട്ടുകാർ പറയുന്നു. ഇതേ തുടർന്ന് നാട്ടുകാർ വീടുകളിൽ നിന്നും പുറത്തേക്കിറങ്ങി. ഭൂമി കുലുക്കം ആണെന്നായിരുന്നു ഇവർ ആദ്യം കരുതിയിരുന്നത്. ചെറിയ പ്രകമ്പനം അനുഭവപ്പെട്ടതായും നാട്ടുകാർ പറയുന്നു. കാലുകളിൽ തരിപ്പ് അനുഭവപ്പെട്ടിരുന്നു. ഭൂമിയ്ക്കടിയിൽ നിന്നും തോട്ടപൊട്ടിക്കുന്നതുപോലെയുള്ള ശബ്ദമാണ് കേട്ടതെന്നും നാട്ടുകാർ വ്യക്തമാക്കി.
ആദ്യമായാണ് മേഖലയിൽ ഇത്തരത്തിൽ മുഴക്കമുണ്ടാകുന്നത്. ഇതിൽ വലിയ ആശങ്കയിലാണ് നാട്ടുകാർ.












