വയനാട്: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരനെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പള്ളി കേളക്കവല കിഴക്കേ ഇടയിളത്ത് രാജേന്ദ്രൻ നായർ (60) ആണു ജീവനൊടുക്കിയത്. അയൽവാസിയുടെ കൃഷിയിടത്തിലാണ് രാജേന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാജേന്ദ്രൻ നായർ ഭൂമി പണയപ്പെടുത്തി 25 ലക്ഷം രൂപ വായ്പയെടുത്തതായും നിലവിൽ പലിശ സഹിതം ഏതാണ്ട് 40 ലക്ഷം രൂപ കുടിശികയുണ്ടെന്നുമാണ് പുൽപള്ളി സർവീസ് സഹകരണ ബാങ്ക് രേഖകളിൽ പറയുന്നത്. എന്നാൽ താൻ 80,000 രൂപ മാത്രമാണ് വായ്പയെടുത്തത് എന്നായിരുന്നു രാജേന്ദ്രന്റെ വാദം. ബാങ്കിലെ മുൻ ഭരണ സമിതി ബാക്കി തുക തന്റെ പേരിൽ തട്ടിയെടുത്തതാണെന്നായിരുന്നു രാജേന്ദ്രന്റെ പരാതി. ഇതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.











