ആലപ്പുഴ : ചെങ്ങന്നൂരിൽ കിണർ വൃത്തിയാക്കുന്നതിനിടെ റിംഗുകൾ ഇടിഞ്ഞ് വീണ് അപകടത്തിൽ പെട്ട വയേധികനായ തൊഴിലാളി മരിച്ചു. കോടുകുളഞ്ഞി പെരും കുഴി കൊച്ചു വീട്ടിൽ യോഹന്നാൻ (72 ) ആണ് മരിച്ചത്. പതിനൊന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ യോഹന്നാനെ പുറത്തെടുത്തിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് അപകടം നടന്നത്. കിണറിനുള്ളിൽ വളർന്നു നിന്ന കാടും പടപ്പും പറിച്ച് വൃത്തിയാക്കുന്നതിനിടെ കിണറിൻറെ സിമിൻറ് റിംഗുകൾ താഴേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. ശബ്ദം കേട്ട് വശങ്ങളിലേക്ക് ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും താഴേക്കു വീണ രണ്ടോളം റിംഗുകൾക്കടിയിൽ യോഹന്നാൻറെ കാലുകൾ കുടുങ്ങി.
സമീപവാസികൾ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് ഫയർ ഫോഴ്‌സ് ജെസിബി ഉപയോഗിച്ച് റിംഗുകൾ ഉയർത്തി ആളെ പുറത്തെടുക്കാൻ ശ്രമങ്ങൾ ആരംഭിച്ചു. 11 മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് യോഹന്നാനെ പുറത്തെത്തിച്ചത്. പുറത്തെത്തിക്കുമ്പോൾ ഇയാൾ അബോധാവസ്ഥയിലായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.








