അജ്മീർ: രാജസ്ഥാനിലെ അജ്മീറിൽ മഹാ ജൻസമ്പർക്ക് ക്യാമ്പെയ്‌ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തുടക്കമിടും. ഒരു മാസം നീളുന്ന പാൻ ഇന്ത്യ ക്യാമ്പെയ്ൻ ആണ് ബിജെപി ലക്ഷ്യമിടുന്നത്. 543 ലോക്‌സഭാ മണ്ഡലങ്ങളേയും ഉൾക്കൊള്ളിച്ച് കൊണ്ടായിരിക്കും ക്യാമ്പെയ്ൻ നടത്തുന്നത്. ഇന്ന് അജ്മീറിൽ മെഗാറാലിക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനത്തിലാകും പ്രധാനമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ജൂൺ 30 വരെ നടക്കുന്ന മഹാ ജൻസമ്പർക്ക് പരിപാടിയുടെ ഭാഗമായി രാജ്യത്തുടനീളം വിപുലമായ പരിപാടികൾ സംഘടിപ്പിക്കും.
51ലധികം റാലികൾ, 500ലധികം സ്ഥലങ്ങളിൽ പൊതുയോഗങ്ങൾ, എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും നിയമസഭാ മണ്ഡലങ്ങളിലായി പത്രസമ്മേളനങ്ങൾ തുടങ്ങീ വിപുലമായ പരിപാടികളാണ് ജൻസമ്പർക്കിന്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്. പാർട്ടിയുടെ 288 നേതാക്കളും 16 ലക്ഷം പ്രവർത്തകരും പത്ത് ലക്ഷം ബൂത്തുകളിൽ വോട്ടർമാരുമായി സംവദിക്കുമെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് പറഞ്ഞു. കേന്ദ്രത്തിൽ ബിജെപിയുടെ ഒമ്പത് വർഷത്തെ ഭരണ നേട്ടങ്ങളെ കുറിച്ച് ജനങ്ങളോട് സംസാരിക്കും. മെഗാറാലികളും സെമിനാറുകളും, പ്രശസ്തരായ വ്യക്തികളുടെ കുടുംബങ്ങളുമായി ആശയവിനിമയം തുടങ്ങീ നിരവധി കാര്യങ്ങൾ നടപ്പാക്കും.
ജൂൺ 20 മുതൽ 30 വരെ വീടുകൾ തോറുമുള്ള പൊതുയോഗങ്ങൾ സംഘടിപ്പിക്കും. കേന്ദ്രമന്ത്രിമാരും ദേശീയ ഭാരവാഹികളും പ്രവർത്തകരും ഇതിൽ പങ്കെടുക്കും. ബിജെപി സർക്കാരിന്റെ ഭരണനേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഇത് കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്. 10 കോടി ജനങ്ങളെ ഈ പരിപാടിയുമായി നേരിട്ട് ബന്ധപ്പെടുത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്.
Discussion about this post