ലക്‌നൗ: ജ്ഞാൻവാപി മസ്ജിദ് കേസുമായി ബന്ധപ്പെട്ട് നിർണായക വിധി പ്രഖ്യാപനവുമായി അലഹബാദ് ഹൈക്കോടതി. അഞ്ച് ഹിന്ദു സ്ത്രീകൾ വിചാരണക്കോടതിയിൽ നൽകിയ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി വിധിച്ചു. ജ്ഞാൻവാപി മസ്ജിദിൽ നിന്നും കണ്ടെത്തിയ ശിവലിംഗത്തിൽ ആരാധന നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകൾ നൽകിയ ഹർജിയിൽ ആണ് ഹൈക്കോടതിയുടെ നിർണായക വിധി.
ശിവലിംഗത്തിൽ ആരാധന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വാരാണസി സെഷൻസ് കോടതിയെ ആണ് ഹിന്ദു സ്ത്രീകൾ സമീപിച്ചത്. എന്നാൽ ഇതിനെ എതിർത്ത് അഞ്ജുമാൻ ഇന്തസാമിയ മസ്ജിദ് കമ്മിറ്റി രംഗത്ത് എത്തി. ആരാധനയ്ക്കായുള്ള നിയമ പ്രകാരം ഈ ഹർജി നിലനിൽക്കില്ലെന്ന് ആയിരുന്നു കമ്മിറ്റിയുടെ വാദം. വാരാണസി കോടതിയിൽ വാദം തുടരുന്നതിനിടെ കേസ് ഹൈക്കോടതിയ്ക്ക് വിടുകയായിരുന്നു.
ജസ്റ്റിസ് ജെജെ മുനീർ ആണ് അഞ്ജുമാൻ ഇന്തസാമിയ മസ്ജിദ് കമ്മിറ്റിയുടെ ഹർജി തള്ളി ഹിന്ദു വിഭാഗത്തിന്റെ ഹർജി നിലനിൽക്കുമെന്ന് വിധിച്ചത്. ഹിന്ദു വിഭാഗത്തിന്റെ വാദങ്ങൾ പരിഗണിച്ചുകൊണ്ടായിരുന്നു തീരുമാനം. ഹൈക്കോടതി നിലനിൽക്കുമെന്ന് ഹൈക്കോടതി വിധിച്ചതോടെ ഉടനെ ഇതിൽ വാരാണസി കോടതിയിൽ വാദം ആരംഭിക്കും.








