ന്യൂഡല്‍ഹി: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിക്ക് വേണ്ടി കര്‍ണാടക സര്‍ക്കാരിന് കത്തെഴുതി ജസ്റ്റിസ് മാര്‍ക്കാണ്ഡേയ കട്ജു. മഅദനിക്ക് നിരുപാധികം മാപ്പ് നല്‍കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യണമെന്നാണ് കത്തിലെ ആവശ്യം. മഅദനി 22 വര്‍ഷം ജയിലില്‍ കഴിഞ്ഞുവെന്നും, ഒരു കാല്‍ നഷ്ടപ്പെട്ട മഅദനിക്ക് വീല്‍ ചെയര്‍ സഹായമില്ലാതെ ഒന്ന് നീങ്ങാന്‍ പോലുമാകില്ലെന്നും കത്തില്‍ പറയുന്നു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കാണ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു കത്ത് എഴുതിയിരിക്കുന്നത്.
കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍ മഅദനിക്കുണ്ട്, ഡയാലിസിസ് വേണം. ഒരു കണ്ണിന്റെ കാഴ്ച പകുതി നഷ്ടമായി. മഅദനിയുടെ അച്ഛന്‍ കിടപ്പിലാണ്. കുറ്റക്കാരനാണെങ്കില്‍ പോലും വേണ്ടതിലധികം ശിക്ഷ മഅദനി അനുഭവിച്ചു കഴിഞ്ഞുവെന്നും കട്ജു കത്തില്‍ അവകാശപ്പെടുന്നു. നേരത്തെ കേരളത്തിലേക്ക് വരാന്‍ മഅദനിക്ക് അനുമതി ലഭിച്ചിരുന്നു. എന്നാല്‍ സുരക്ഷയൊരുക്കാന്‍ നിര്‍ദ്ദേശിച്ച ചെലവ് താങ്ങാനാകില്ലെന്ന് കാട്ടിയാണ് അവസാനനിമിഷം യാത്ര ഒഴിവാക്കിയത്.










