അഹമ്മദാബാദ്: ഗുജറാത്തിൽ കടലിൽ കുളിക്കുന്നതിനിടെ തിരമാലയിൽ പെട്ട് മുങ്ങിത്താണ മൂന്ന് യുവാക്കളുടെ ജീവൻ രക്ഷിച്ച് ബിജെപി എംഎൽഎ ഹിരാ സോളങ്കി. നാല് യുവാക്കളാണ് അപകടത്തിൽ പെട്ടത്. ഇതിൽ ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല. പട്വ ഗ്രാമത്തിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്.
കൽപേഷ് ഷിയാൽ, വിജയ് ഗുജാരിയ, നികുൽ ഗുജാരിയ, ജീവൻ ഗുജാരിയ എന്നീ നാല് യുവാക്കളാണ് കടലിൽ കുളിക്കാൻ ഇറങ്ങിയത്. എന്നാൽ ശക്തമായ തിരമാലകളിലും ഒഴുക്കിലും പെട്ട് ഇവർ മുങ്ങിത്താഴുകയായിരുന്നു. സംഭവസമയം ബിജെപി എംഎൽഎ ഹിരാ സോളങ്കിയും ബീച്ചിൽ ഉണ്ടായിരുന്നു.
യുവാക്കളുടെ കരച്ചിൽ കേട്ടതിന് പിന്നാലെ ഇദ്ദേഹം കടലിലേക്ക് എടുത്ത് ചാടുകയായിരുന്നു. പിന്നാലെ നാട്ടുകാരും സഹായത്തിനായി എത്തി. നാല് പേരിൽ മൂന്ന് പേരെ വളരെ പെട്ടന്ന് തന്നെ ഇവർ ബോട്ടിലേക്ക് വലിച്ച് കയറ്റി. ഇതിൽ ജീവൻ ഗുജാരിയ എന്ന യുവാവിന് വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് നടത്തിയ വിശദമായ തിരച്ചിലിനൊടുവിൽ വൈകുന്നേരത്തോടെ യുവാവിന്റെ മൃതദേഹം ലഭിച്ചു.








