ന്യൂഡൽഹി; കോടതിയലക്ഷ്യത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പ്രവാസി ഇന്ത്യാക്കാരന് സുപ്രീം കോടതി ആറ് മാസത്തെ തടവും 25 ലക്ഷം രൂപ പിഴയും വിധിച്ചത്. കുട്ടിയെ ഹാജരാക്കണമെന്ന് ഒരു വർഷം മുൻപ് കോടതി ഉത്തരവിട്ടിരുന്നു. 2022 ജൂലൈ 1 ന് കുട്ടിയെ തിരികെ കൊണ്ടുവരാനുള്ള മുൻ ഉത്തരവ് ലംഘിച്ചതിനെ തുടർന്നാണ് കോടതിയലക്ഷ്യത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചത്.
ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, അഭയ് എസ് ഓക്ക എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കേന്ദ്രസർക്കാരിനോടും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനോടും (സിബിഐ) പ്രതിയെ ഹാജരാക്കാനായി വേണ്ട നടപടികൾ സ്വീകരിക്കാനും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
യുഎസ് പാസ്‌പോർട്ട് കൈവശമുള്ള പ്രായപൂർത്തിയാകാത്ത കുട്ടിയുടെ താൽപ്പര്യങ്ങൾക്കനുസൃതമായാണ് താൻ പ്രവർത്തിച്ചതെന്നാണ് ശിക്ഷിക്കപ്പെട്ട വ്യക്തി അഭിഭാഷകൻ മുഖേന കോടതിയെ ബോധിപ്പിച്ചത്. ഇന്ത്യയിൽ ഹരജിക്കാരന്റെ കൂടെ താമസിക്കുമ്പോൾ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതിനാൽ യുഎസിൽ ഫോറൻസിക് അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വാദിച്ചു.
“ഈ വ്യക്തിയുടെ പ്രവൃത്തികളും, കോടതിയോടുള്ള ബഹുമാനമില്ലായ്മയും സിവിൽ, ക്രിമിനൽ അവഹേളനത്തിന് തുല്യമാണ്. അദ്ദേഹത്തിനെതിരെ കർശന നടപടി ആവശ്യമാണ് ,” ബെഞ്ച് ചൂണ്ടിക്കാട്ടി.
2023 ജനുവരി 16-ന് ആണ് ഇയാൾക്കെതിരെ കോടതിയലക്ഷ്യത്തിന് കുറ്റം ചുമത്തിയത്. മൂന്ന് മാസത്തിന് ശേഷവും അദ്ദേഹം ഖേദം പ്രകടിപ്പിച്ചിട്ടില്ല. വാസ്തവത്തിൽ, കുട്ടിയെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനും അദ്ദേഹത്തിന് ഒരിക്കലും ഉദ്ദേശ്യമില്ലായിരുന്നു, കോടതി ചൂണ്ടിക്കാട്ടി. ജുഡീഷ്യൽ നടപടികളോട് ആദരവ് കാണിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പരാതി സമയത്ത് കോടതിക്ക് നൽകിയ ഉറപ്പ് അദ്ദേഹം ലംഘിച്ചുവെന്നും കോടതി വ്യക്തമാക്കി.
Discussion about this post