ന്യൂയോർക്ക്: ഇന്ത്യയിൽ പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തെ പുകഴ്ത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വാഷിംഗ്ടണിലെ നാഷണൽ പ്രസ് ക്ലബിൽ നടത്തിയ സംവാദത്തിലാണ് പ്രതിപക്ഷ ഐക്യത്തിന്റെ ശക്തിയെക്കുറിച്ച് രാഹുൽ ഗാന്ധി ആത്മവിശ്വാസം പ്രകടിപ്പിച്ചത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ജനങ്ങളെ അത്ഭുതപ്പെടുത്തുമെന്നും രാഹുൽ അവകാശപ്പെട്ടു.
” വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് മികച്ച പ്രകടനം കാഴ്ച വയ്ക്കും. വരാൻ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ജനങ്ങളെ അത്ഭുതപ്പെടുത്തും. ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ മികച്ച രീതിയിലാണ് യോജിച്ച് പ്രവർത്തിക്കുന്നത്. അത് കൂടുതൽ ശക്തിപ്പെടും. ഞങ്ങൾ എല്ലാ പ്രതിപക്ഷ പാർട്ടികളുമായി ചർച്ചകൾ നടത്തി വരുന്നുണ്ട്. അത് ഇപ്പോഴും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
പക്ഷേ ഈ ചർച്ച വളരെ സങ്കീർണമായ ഒന്നാണ്. കാരണം കോൺഗ്രസിനെതിരെ മറ്റ് പ്രതിപക്ഷ പാർട്ടികൾ മത്സരിക്കുന്ന സ്ഥലങ്ങളുമുണ്ട്. അതുകൊണ്ട് ശ്രദ്ധയോടെയുള്ള കൊടുക്കൽ വാങ്ങലാണ് ഇപ്പോൾ നടക്കുന്നത്. സംസ്ഥാനങ്ങളിൽ വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളിൽ മികച്ച രീതിയിൽ കോൺഗ്രസ് മുന്നേറും. അത് കാത്തിരുന്ന് കാണുക. അവിടെയൊക്കെ എന്താണ് സംഭവിക്കാൻ പോകുന്നത് എന്നതിന്റെ മികച്ച സൂചനയാണ് കർണാടകയിലെ തിരഞ്ഞെടുപ്പ് ഫലമെന്നും” രാഹുൽ പറഞ്ഞു.








