ന്യൂയോർക്ക്: യുഎസ് സെനറ്റിന്റേയും ജനപ്രതിനിധിസഭയുടേയും സംയുക്ത യോഗത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ക്ഷണം. വിൻസ്റ്റൺ ചർച്ചിൽ, നെൽസൺ മണ്ടേല, രണ്ട് ഇസ്രായേൽ പ്രധാനമന്ത്രിമാർ എന്നിവർക്ക് മാത്രം ലഭിച്ചിട്ടുള്ള അത്യപൂർവ്വ അംഗീകാരമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ തേടി എത്തിയിരിക്കുന്നത്. യുഎസ് കോൺഗ്രസ് നേതൃത്വമാണ് അദ്ദേഹത്തെ ക്ഷണിച്ചത്. ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രിക്ക് ക്ഷണം ലഭിക്കുന്നത്. നേരത്തെ 2016ലും അദ്ദേഹം യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിച്ചിട്ടുണ്ട്.
സെനറ്റ് നേതാവ് ചക്ക് ഷൂമർ, ഹൗസ് സ്പീക്കർ കെവിൻ മക്കാർത്തി, സെനറ്റിലെ ന്യൂനപക്ഷ നേതാവ് മിച്ച് മക്കോണൽ, ഹൗസ് മൈനോറിറ്റി നേതാവ് ഹക്കീം ജെഫ്രീസ് എന്നിവരാണ് പ്രധാനമന്ത്രിയെ യോഗത്തിലേക്ക് ക്ഷണിച്ച് കത്തെഴുതിയിരിക്കുന്നത്. ഈ മാസം 22ന് വാഷിംഗ്ടൺ ഡിസിയിലെ സന്ദർശനത്തിനിടെ യോഗത്തെ അഭിസംബോധന ചെയ്യാൻ എത്തണമെന്നാണ് കത്തിൽ അഭ്യർത്ഥിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംസാരിക്കാൻ ക്ഷണിക്കുന്നത് വലിയ ബഹുമതിയായാണ് കാണുന്നതെന്നും കത്തിൽ പറയുന്നു.
എല്ലാ മേഖലയിലും അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം വളർന്ന് കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ ഭാവിയെ കുറിച്ച് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കാനും, ഇരുരാജ്യങ്ങളും അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ കുറിച്ച് സംസാരിക്കാനും ഇത് വഴി അവസരം ലഭിക്കുമെന്നും നേതാക്കൾ പറയുന്നു. പ്രധാനമന്ത്രിയുടെ 2016ലെ പ്രസംഗം ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തെ ശക്തിപ്പെടുത്തിയെന്ന് വ്യക്തമാക്കിയ നേതാക്കൾ ഭാവിയിലും ഈ ബന്ധം ഏറെ പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടിയതായി പറഞ്ഞു. 22ാം തിയതി വൈറ്റ് ഹൗസിലേക്ക് പ്രധാനമന്ത്രിയെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ക്ഷണിച്ചിട്ടുണ്ട്. അത്താഴവിരുന്നിന് മുൻപായിരിക്കും പ്രധാനമന്ത്രി സംയുക്ത യോഗത്തെ അഭിസംബോധന ചെയ്യുന്നത്.
Discussion about this post