കർണ്ണാടക: ‘സോണിയയുടെയും രാഹുൽ ഗാന്ധിയുടെയും ഉപദേശത്തിന് വഴങ്ങേണ്ടി വന്നു’ കർണാടക മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ സ്വന്തം മണ്ഡലത്തിലെ ജനങ്ങൾക്ക് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ നൽകിയ വിശദീകരണമാണിത്.
ഉപമുഖ്യമന്ത്രിയായതിന് ശേഷം സ്വന്തം മണ്ഡലത്തിലെ ആദ്യ സന്ദർശനത്തിലായിരുന്നു ശിവകുമാറിൻറെ തുറന്നു പറച്ചിൽ. എന്നെ മുഖ്യമന്ത്രിയായി കാണണം എന്ന നിങ്ങളുടെ ആഗ്രഹം നിറവേറ്റപ്പെടും, ക്ഷമയോടെ കാത്തിരിക്കണം എന്നായിരുന്നു വോട്ടർമാരോട് ശിവകുമാർ പറഞ്ഞത്.
“എന്നെ മുഖ്യമന്ത്രിയാക്കാൻ നിങ്ങൾ എനിക്ക് വൻതോതിൽ വോട്ട് നൽകി, പക്ഷേ എന്ത് ചെയ്യാനാണ്? അക്കാര്യത്തിൽ ഹൈക്കമാൻറ് തീരുമാനമെടുത്തു. രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും എനിക്ക് ഉപദേശം നൽകി. മുതിർന്നവരുടെ വാക്കുകൾക്ക് തല കുനിക്കേണ്ടി വന്നു. എനിക്ക് വേണ്ടി ക്ഷമയോടെ കാത്ത് നിൽക്കണം,” ശിവകുമാർ പറഞ്ഞു. എന്നെ മുഖ്യമന്ത്രിയായി കാണണം എന്ന നിങ്ങളുടെ ആഗ്രഹം ഒരിക്കലും പാഴാവില്ലെന്ന് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു, നമുക്ക് ക്ഷമയോടെ കാത്തിരിക്കാം,” അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന് ശേഷം വലിയ രാഷ്ട്രീയ കോലാഹലങ്ങൾക്കാണ് കർണ്ണാടക കോൺഗ്രസ് ആസ്ഥാനം സാക്ഷ്യം വഹിച്ചത്. മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് സിദ്ധരാമയ്യയും ശിവകുമാറും കടുത്ത സമ്മർദ്ദമാണ് കേന്ദ്രനേതൃത്വത്തിന് നൽകിയത്. രണ്ടുപേരും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ല. നാലുദിവസമെടുത്താണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുപ്പിൽ കേന്ദ്രനേതൃത്വം തീരുമാനം അറിയിച്ചത്. സിദ്ധരാമയ്യയെ മുഖ്യമന്ത്രിസ്ഥാനത്തേക്കും ഡി കെ ശിവകുമാറിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കും നിയോഗിച്ചാണ് ഹൈക്കമാൻറ് വിഷയം പരിഹരിച്ചത്. മുഖ്യമന്ത്രിയാകാനുള്ള മൽസരം താൻ ഉപേക്ഷിച്ചെന്നും രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും ഉപദേശത്തെ തുടർന്നാണ് ക്ഷമയോടെ കാത്തിരിക്കാൻ തീരുമാനിച്ചതെന്നും ഡി കെ ശിവകുമാർ പറഞ്ഞിരുന്നു.












