ലക്‌നൗ: ക്ഷേത്രം തകർത്ത് നിർമ്മിച്ച ജ്ഞാൻവാപി മസ്ജിദ് സ്ഥിതി ചെയ്യുന്ന ഭൂമി തിരിച്ചു പിടിക്കാനുള്ള നിയമ പോരാട്ടത്തിൽ നിന്നും പിൻവാങ്ങി ഹിന്ദുവായ ഹർജിക്കാരൻ. മതതീവ്രവാദികളുടെ ഭീഷണിയെ തുടർന്നാണ് അദ്ദേഹവും ഭാര്യയും ഹർജികൾ പിൻവലിക്കാനൊരുങ്ങുന്നത്. അടുത്ത ദിവസം തന്നെ ഇതിനായുള്ള അപേക്ഷയുമായി ഇരുവരും കോടതികളെ സമീപിക്കും.
വാരാണസി സ്വദേശികളായ ജിതേന്ദ്ര സിംഗ് വൈസെനും അദ്ദേഹത്തിന്റെ ഭാര്യ കിരൺ സിംഗുമാണ് വിവിധ കോടതികളിൽ ഹർജികൾ നൽകിയിരുന്നത്. ജ്ഞാൻവാപി കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ലഭിച്ചവയിൽ ഏറ്റവും പ്രധാനപ്പെട്ട ഹർജികളായിരുന്നു ഇവരുടേത്. എന്നാൽ ഹർജി സമർപ്പിച്ചതിന് തൊട്ട് പിന്നാലെ തന്നെ വൈസനും കുടുംബത്തിനുമെതിരെ ഭീഷണി ഉയരുകയായിരുന്നു.
കൊല്ലുമെന്നും, ജീവിക്കാൻ അനുവദിക്കില്ലെന്നുമെല്ലാമായിരുന്നു മതതീവ്രവാദികളുടെ ഭീഷണി. ഇതിന് പുറമേ ഹിന്ദുക്കളായ ചിലരിൽ നിന്നും അദ്ദേഹത്തിനും കുടുംബത്തിനും പ്രയാസങ്ങൾ നേരിടേണ്ടിവന്നു. ഇത് വർദ്ധിച്ചതോടെയായിരുന്നു ഹർജികൾ പിൻവലിച്ച് കേസ് അവസാനിപ്പിക്കാനുള്ള തീരുമാനം.
ജ്ഞാൻ വാപിയുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച മുഴുവൻ ഹർജികളും താനും ഭാര്യയും പിൻവലിക്കുകയാണെന്ന് വൈസെൻ പറഞ്ഞു. രാജ്യത്തിന്റെ താത്പര്യത്തിന് വേണ്ടിയായിരുന്നു നിയമ നടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. എന്നാൽ ഇതിന് ഇനി കഴിയില്ല. മതതീവ്രവാദികളിൽ നിന്നും ശക്തമായ ഭീഷണിയാണ് ലഭിക്കുന്നത്. താനും തന്റെ കുടുംബവും മടുത്തു. ഇനി നിയമ പോരാട്ടവുമായി മുന്നോട്ട് പോകാൻ വയ്യ. ധർമ്മത്തിനായുള്ള പോരാട്ടം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭീഷണിയെ തുടർന്ന് ഇവരുടെ അഭിഭാഷകനായിരുന്ന ശിവം ഗൗർ പിൻവാങ്ങിയിരുന്നു.
Discussion about this post