ഒഡീഷ: ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ കൊല്ലപ്പെട്ടവരിൽ 101 പേരുടെ മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനുണ്ടെന്ന് അധികൃതർ. 200ഓളം ആളുകൾ ഒഡീഷയിലെ വിവിധ ആശുപത്രികളിലായി ഇപ്പോഴും ചികിത്സയിൽ തുടരുകയാണെന്നും സെൻട്രൽ റെയിൽവേ ഡിവിഷണൽ റെയിൽവേ മാനേജർ റിങ്കേഷ് റോയ് പറഞ്ഞു. അപകടത്തിൽ 275 പേർക്കാണ് ജീവൻ നഷ്ടമായത്. 1100ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പരിക്കേറ്റവരിൽ 900 പേരെ ഡിസ്ചാർജ് ചെയ്തു. നിലവിൽ ഇരുന്നൂറോളം പേർ മാത്രമാണ് ചികിത്സയിലുള്ളത്. രണ്ട് പാസഞ്ചർ ട്രെയിനുകളും ഒരു ചരക്ക് ട്രെയിനുമാണ് ബാലസോറിൽ അപകടത്തിൽ പെട്ടത്. ഭൂരിഭാഗം മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് കൊടുത്തു. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളിൽ ഡിഎൻഎ പരിശോധന നടത്തുമെന്നാണ് വിവരം.
അതേസമയം ഒഡീഷ സർക്കാർ നൽകിയ ഹെൽപ്പ്‌ലൈൻ നമ്പറിലേക്ക് 200ഓളം കോളുകൾ വന്നിട്ടുണ്ട്. ബന്ധുക്കളെ കാണാതായെന്ന് കാട്ടിയുള്ള സന്ദേശങ്ങളാണ് ഇവയിൽ പലതും. ഇതുകൂടി പരിശോധിച്ചാകും തുടർനടപടികൾ സ്വീകരിക്കുന്നത്.










