വാഷിംഗ്ടൺ : യുഎസ് കോൺഗ്രിന്റെ സംയുക്ത യോഗം അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂൺ 22 ന് നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. യുഎസ് കോൺഗ്രസ് യോഗം അഭിസംബോധന ചെയ്യാൻ രണ്ടാമതും അവസരം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ലോക നേതാക്കളിൽ ചുരുക്കം ചിലർക്ക് മാത്രമാണ് ഇതുവരെ ഈ അവസരം ലഭിച്ചിട്ടുള്ളത്.
യുഎസുമായുള്ള കോംപ്രിഹൻസീവ് ഗ്ലോബൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്ന് മോദി പറഞ്ഞു. ജനാധിപത്യ മൂല്യങ്ങൾ, ശക്തമായ ബന്ധം, ആഗോള സമാധാനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള പ്രതിബദ്ധത എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയും യുഎസുമായുളള ബന്ധം നിലനിൽക്കുന്നത്. ഹൗസ് സ്പീക്കർ കെവിൻ മെകാർത്തി, സെനറ്റ് മെജോറിറ്റി ലീഡർ ചക്ക് ഷുമർ, സെനറ്റ് റിപ്പബ്ലിക്കൻ നേതാവ് മിച്ച് മക്കോണൽ, ഹൗസ് ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രിസ് എന്നിവർക്ക് യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ ക്ഷണിച്ചതിന് നന്ദി അറിയിച്ചുകൊണ്ട് പങ്കുവെച്ച ട്വീറ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യങ്ങൾ തമ്മിലുള്ള പങ്കാളിത്തം വളർന്നുകൊണ്ടേയിരിക്കുകയാണ്. ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് അദ്ദേഹം പങ്കുവെക്കുമെന്നും ഇരു രാജ്യങ്ങളും അഭിമുഖീകരിക്കുന്ന ആഗോള വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുമെന്നും യുഎസ് കോൺഗ്രസ് നേതാക്കൾ അറിയിച്ചിരുന്നു.
യുഎസ് കോൺഗ്രസിന്റെ സംയുക്ത യോഗത്തെ അഭിസംബോധന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുന്നതിൽ അഭിമാനമുണ്ടെന്ന് കെവിൽ മെക്കാർത്തി അറിയിച്ചു. ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം ആഘോഷിക്കുന്നതിനും ഇരു രാജ്യങ്ങളും നേരിടുന്ന ആഗോള പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനും ഈ അവസരം വിനിയോഗിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
2016 ജൂണിന് ശേഷം ഇത് രണ്ടാം തവണയാണ് മോദി യുഎസ് കോൺഗ്രസിന്റെ സംയുക്ത യോഗത്തെ അഭിസംബോധന ചെയ്യുന്നത്. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിനും ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് നെൽസൺ മണ്ടേലയ്ക്കും മാത്രം ലഭിച്ച അപൂർവ്വ ബഹുമതിയാണ് ഇത്.
Discussion about this post