കൊച്ചി: മഹാരാജാസ് കോളേജിലെ വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് വിവാദത്തിൽ കുറ്റാരോപിതയായ മുൻ എസ്എഫ്‌ഐ നേതാവ് കെ.വിദ്യയുടെ പിഎച്ച്ഡി പ്രവേശനം കാലടി സർവ്വകലാശാല പുന:പരിശോധിക്കാൻ ഒരുങ്ങുന്നു. വ്യാജരേഖ വിവാദം ശക്തമായതിന് പിന്നാലെയാണ് പരിശോധന. 2019ലാണ് വിദ്യ പിഎച്ച്ഡിക്ക് ചേരുന്നത്.
അതേസമയം കോളേജ് ഗസ്റ്റ് ലക്ചററാവാൻ വ്യാജരേഖ ഉപയോഗിച്ചെന്ന കേസിൽ ആഭ്യന്തര അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ പറഞ്ഞു. മഹാരാജാസ് കോളേജിലെ എംബ്ലമോ സീലോ അല്ല വ്യാജരേഖയിൽ ഉപയോഗിച്ചിരിക്കുന്നത്. മഹാരാജാസിൽ പഠിക്കുമ്പോൾ റിസൾട്ട് പോലും വരാത്ത ആളാണ്, ആ സമയത്ത് ഗസ്റ്റ് അദ്ധ്യാപികയായി പഠിപ്പിച്ചുവെന്ന് വ്യാജരേഖയുണ്ടാക്കിയത്. ഇവിടെ നിന്ന് ആരുടേയും സഹായം ലഭിച്ചതായി പ്രാഥമിക അന്വേഷണത്തിൽ വിവരം ലഭിച്ചിട്ടില്ല. പോലീസിന് കൃത്യമായി മൊഴി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതുപോലെ വേറെയാരെങ്കിലും ചെയ്തിട്ടുണ്ടോ എന്നറിയാൻ കൂടെയാണ് കേസ് കൊടുത്തത്. മഹാരാജാസിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ആരെങ്കിലും വ്യാജരേഖ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് കണ്ടെത്തുകയും നടപടിയെടുക്കുകയും വേണം. ഉന്നതവിദ്യാഭ്യാസ വകുപ്പ് കൂടെ അന്വേഷണം നടത്താൻ ശുപാർശ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ വഴി നൽകാൻ ആലോചിക്കുന്നുണ്ടെന്നും മഹാരാജാസ് പ്രിൻസിപ്പൽ അറിയിച്ചു.
Discussion about this post