കൊച്ചി : അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹ്യയിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാൻ തീരുമാനം. കോളേജ് മാനേജ്‌മെന്റും പിടിഎ, വിദ്യാർത്ഥി പ്രതിനിധികളും മന്ത്രിമാരും ചേർന്ന് നടത്തിയ യോഗത്തിലാണ് നിർണായക തീരുമാനമെടുത്തത്. ചീഫ് ഹോസ്റ്റൽ വാർഡർ സിസ്റ്റർ മായയെ മാറ്റാനും തീരുമാനമായതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു.
കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് നൽകാൻ തീരുമാനമായി. എസ്പിയുടെ ക്ലോസ് മോണിറ്ററിംഗിലാകും വിശദമായ അന്വേഷണം നടക്കുക. പോലീസ് അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തിയാൽ ഉടൻ നടപടിയെടുക്കും. നിലവിൽ മറ്റാർക്കുമെതിരെ നടപടിയെടുക്കാനാകില്ല. ചീഫ് വാർഡനായി പ്രവർത്തിക്കുന്ന സിസ്റ്റർ മായയെ മാറ്റാൻ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു. അത് മാനേജ്‌മെന്റുമായി സംസാരിച്ചു. മേലധികാരികളുമായി ചർച്ച നടത്തി തീരുമാനം അറിയിക്കാമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.
കോളേജിലെ കൗൺസിലിംഗ് സിസ്റ്റം ശക്തിപ്പെടുത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. സ്റ്റുഡന്റ്‌സ് യൂണിയന്റെ സാധ്യത പരിശോധിക്കാമെന്ന് മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്. പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ കുട്ടികൾക്ക് നേരെ അച്ചടക്ക നടപടി ഉണ്ടാകില്ലെന്ന് മാനേജ്‌മെന്റ് ഉറപ്പു നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Discussion about this post