ന്യൂഡൽഹി : രാജ്യത്തെ യൂട്യൂബർമാരെ ലക്ഷ്യമിട്ട് സൈബർ ആക്രണം നടക്കുന്നതായി റിപ്പോർട്ട്. വാർത്താ സ്ഥാപനമായ മോജോ സ്റ്റോറിയുടെയും ഹാസ്യതാരം തൻമയ് ഭട്ടിന്റെയും യൂട്യൂബ് ചാനലുകൾ ഹാക്കർമാർ കൈയ്യടക്കി. ഇതിലെ എല്ലാ കണ്ടന്റുകൾ നീക്കം ചെയ്യുകയും ചാനലിന്റെ പേര് ‘ടെസ്ല കോർപ്പ്’ എന്നാക്കി മാറ്റുകയും ചെയ്തു. തന്മയ് ഭട്ടിന്റെ യൂട്യൂബ് ചാനലിൽ നിന്നും ഒരു പ്രൈവറ്റ് ലൈവ് സ്ട്രീമിങും ഹാക്കർമാർ പങ്കുവെച്ചു.
മാദ്ധ്യമപ്രവർത്തകയായ ബർഖാ ദത്തിന്റെ വാർത്താ വെബ്സൈറ്റായ മോജോ സ്റ്റോറിയുടെ അക്കൗണ്ടിലേക്കുള്ള ആക്സസ് ഞായറാഴ്ചയാണ് നഷ്ടപ്പെട്ടത്. തുടർന്ന് ചാനലിന്റെ മുഴുവൻ കണ്ടന്റുകളും ഹാക്കർമാർ ഇല്ലാതാക്കി. മണിക്കൂറുകൾക്ക് ശേഷം, മോജോ സ്റ്റോറിയുടെ ചാനൽ പുനഃസ്ഥാപിച്ചെങ്കിലും ചില കണ്ടന്റുകൾ വീണ്ടെടുക്കാൻ കഴിഞ്ഞില്ല.
ടൂ ഫാക്ടർ ഒതന്റിക്കേഷനും മറികടന്നാണ് അക്കൗണ്ട് കൈക്കലാക്കിയത്എന്ന് തന്മയ് ഭട്ട് പരാതിപ്പെട്ടിട്ടുണ്ട്.
473 വീഡിയോകൾ മറ്റാർക്കും കാണാനാവാത്ത വിധം ഹാക്കർമാർ പ്രൈവറ്റ് ആക്കി മാറ്റി. ഗൂഗിളിൽ നിന്നും യൂട്യൂബിൽ നിന്നും അടിയന്തിര സഹായം തേടിയതായി ഭട്ട് അറിയിച്ചു.
സ്റ്റാന്റ് അപ്പ് കൊമേഡിയന്മാരായ ഐശ്വര്യ മോഹൻരാജ്, അബ്ദു റോസിക് എന്നിവരുടെയും യൂട്യൂബ് ചാനലുകൾക്കെതിരെയും ഹാക്കർമാരുടെ ആക്രമണം നടന്നു. ഈ അക്കൗണ്ടുകളുടേയും പേര് ‘ടെസ്ല’ എന്നാക്കുകയും ഡിസ്പ്ലേ ചിത്രം ടെസ്‌ലയുടെ ലോഗോയും കവർ ഫോട്ടോ ടെസ്ല കാറുകളുടെ ചിത്രങ്ങളാക്കി മാറ്റുകയും ചെയ്തു.
ഈ സാഹചര്യത്തിൽ രാജ്യത്തെ യൂട്യൂബർമാരാരകെ ആശങ്കയിലാണ്. സ്വന്തം കണ്ടന്റ് നഷ്ടപ്പെടുകയെന്നത് വളരെ വേദനാജനകമായ കാര്യമാണെന്ന് ഇവർ പറയുന്നു. അതേസമയം ഈ അക്കൗണ്ടുകളും അതിലെ കണ്ടന്റുകളും തിരിച്ചെടുക്കാനുള്ള പരിശ്രമങ്ങൾ തുടരുകയാണ്.
Discussion about this post