റായ്പൂർ: ഛത്തീസ്ഗഡിൽ വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കുന്നത് തുടർന്ന് കമ്യൂണിസ്റ്റ് ഭീകരർ. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി എത്തിയ വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു. കങ്കറിലായിരുന്നു സംഭവം.
നിലവിൽ ചോട്ടെ ബേട്ടിയാ പോലീസ് സ്‌റ്റേഷൻ പരിധിയിലെ സീതാറാം ഗ്രാമത്തിലാണ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഇവിടേയ്ക്കായി എത്തിച്ച വാഹനങ്ങൾക്ക് ആയിരുന്നു ഭീകരർ തീയിട്ടത്. അർദ്ധരാത്രി ആരും അറിയാതെ എത്തിയ ഭീകരർ വാഹനങ്ങളിൽ തീയിടുകയായിരുന്നു. ഏഴ് വാഹനങ്ങളാണ് ഭീകരർ അഗ്നിക്കിരയാക്കിയത്. സംഭവ സമയം വാഹനങ്ങൾക്ക് സമീപമായി തൊഴിലാളികളും കിടന്നിരുന്നു. അപകടത്തിൽ നിന്നും തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്.
രണ്ട് ട്രക്കുകൾ, ജെസിബി, വാട്ടർ ടാങ്കർ, റോഡ് റോളർ എന്നിവയാണ് കത്തിച്ചത്. വാഹനങ്ങൾക്ക് തീയിട്ട ശേഷം ഇവർ സ്ഥലത്ത് നിന്നും കടന്നു കളയുകയായിരുന്നു. തൊഴിലാളികളുടെ ബഹളം കേട്ട് പ്രദേശവാസികൾ ഓടിയെത്തി തീ അണച്ചു എങ്കിലും അപ്പോഴേക്കും വാഹനങ്ങൾ പൂർണമായി കത്തിനശിച്ചിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post