ന്യൂഡൽഹി: അതിർത്തിയ്ക്ക് സമീപം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി ഇന്ത്യയിൽ പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമം തുടർന്ന് ചൈന. ഉത്തരാഖണ്ഡിനോട് ചേർന്നുള്ള അതിർത്തിയിൽ ചൈന അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ പുറത്തുവന്നു. നേരത്തെ ലഡാക്ക്, സിക്കിം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളുടെ അതിർത്തിയ്ക്ക് സമീപം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി പ്രകോപനത്തിന് ശ്രമിച്ചിരുന്നു.
ഉത്തരാഖണ്ഡിന് സമീപമുള്ള ചൈനീസ് മേഖലകളിൽ പീപ്പിൾസ് ലിബറേഷൻ ആർമി മിലിറ്ററി ഗ്രാമങ്ങളാണ് നിർമ്മിക്കന്നത് എന്നാണ് വ്യക്തമാകുന്നത്. ഉത്തരാഖണ്ഡിന് അഭിമുഖയാണ് ഈ ഗ്രാമങ്ങൾ നിർമ്മിച്ചിട്ടുള്ളത്. അതിവേഗത്തിലാണ് സൈന്യം മിലിറ്റി ഗ്രാമങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത് എന്നും സാറ്റ്‌ലൈറ്റ് ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത് എന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഉത്തരകാശിയിലെ പുലം സുദ്മയിൽ നിന്നും 40 കിലോ മീറ്റർ മാത്രമാണ് ഈ ഗ്രാമങ്ങളിലേക്കുള്ള ദൂരം. കഴിഞ്ഞ വർഷം ഏപ്രിലിനും മെയ്ക്കും ഇടയിലാണ് ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുള്ളത്.
ഇന്ത്യ- ചൈനീസ് സൈന്യങ്ങൾ തമ്മിൽ അടിയ്ക്കടി സംഘർഷമുണ്ടാകാറുള്ള ബറഹോട്ടിയുടെ കിഴക്കൻ മേഖലയിലാണ് മിലിറ്ററി ഗ്രാമങ്ങളിൽ ഏറെയും സ്ഥിതിചെയ്യുന്നത്. ഇത് മനപ്പൂർവ്വം പ്രകോപനം സൃഷ്ടിക്കാനുള്ള ചൈനയുടെ ശ്രമമായിട്ടാണ് വിലയിരുത്തുന്നത്.











