ചെന്നൈ: മൂന്ന് ആഴ്ചയോളമായി തമിഴ്നാട്ടില്‍ തുടരുന്ന കനത്ത മഴയില്‍ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രസംഘം ചെന്നൈയിലെത്തി. ഒന്‍പതംഗ സംഘമാണ് ചെന്നൈയിലെത്തിയത്. കേന്ദ്ര ആഭ്യന്തര ജോയന്റ് സെക്രട്ടറി ടി.വി.എസ്.എന്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമാണ് തമിഴ്നാട്ടിലെ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിയ്ക്കുന്നത്.
മുഖ്യമന്ത്രി ജയലളിതയുടെ ആവശ്യപ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ നിരീക്ഷകസംഘത്തെ അയച്ചത്. ചെന്നൈ, കടലൂര്‍, കാഞ്ചീപുരം എന്നീ ജില്ലകളില്‍ സംഘം സന്ദര്‍ശനം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
ഈ മാസം ഒമ്പത് മുതല്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ചെന്നൈയിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. സംസ്ഥാനത്ത് ഇതുവരെ 122 പേര് മഴക്കെടുതി മൂലം മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ യഥാര്‍ഥ സംഖ്യ ഇരട്ടിയോളം വരുമെന്നാണ് സൂചന. ഒഴുക്കില്‍പ്പെട്ടും മണ്ണിടിഞ്ഞും വൈദ്യുതാഘാതമേറ്റുമാണ് ഏറെപേരും മരിച്ചത്.
ദിവസങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. പല സ്ഥലത്തും കുടിവെള്ള, വൈദ്യുതി വിതരണം നിലച്ചിരിക്കുകയാണ്. മഴക്കെടുതിയിലായ തമിഴ്നാടിന് 939 കോടി രൂപയുടെ അടിയന്തര സഹായം കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 8500 കോടി രൂപയുടെ നഷ്ടമാണ് തമിഴ്നാട് സര്‍ക്കാര്‍ തിട്ടപ്പെടുത്തിയിട്ടുള്ളത്.
Discussion about this post