സോൾ : ഉത്തര കൊറിയയിൽ ആത്മഹത്യ നിരോധിച്ച് ഏകാധിപതി കിം ജോംഗ് ഉൻ. ആത്മഹത്യ ചെയ്യുന്നത് രാജ്യദ്രോഹക്കുറ്റമാണെന്ന് വ്യക്തമാക്കിക്കൊണ്ട് ഇതിനെതിരെയുള്ള ബിൽ പാസാക്കി. രാജ്യത്ത് വർദ്ധിച്ചുവരുന്ന ആത്മഹത്യാ നിരക്ക് കുറയ്ക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും കിം ഉത്തരവിട്ടിട്ടുണ്ട്.
ആത്മഹത്യ സോഷ്യലിസത്തിന് എതിരാണെന്നാണ് കിം ജോംഗ് ഉന്നിന്റെ വാദം. പട്ടിണി മരണത്തേക്കാളും സാമൂഹ്യാഘാതം സൃഷ്ടിക്കുന്നതാണ് ആത്മഹത്യയെന്നാണ് വിലയിരുത്തൽ. അടുത്തിടെ പട്ടിണി കിടന്ന് വയ്യാതായ 10 വയസുകാരൻ ആത്മഹത്യ ചെയ്തത് കിമ്മിൻറെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പുതിയ ഉത്തരവ് പുറത്തിക്കിയത്.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ പ്രാരാബ്ധങ്ങൾ മൂലം ആളുകൾ ആത്മഹത്യ ചെയ്യുന്നത് പതിവായിരിക്കുകയാണ്. ഉത്തരകൊറിയയിൽ നടക്കുന്ന ആത്മഹത്യകളുടെ എണ്ണം 40 ശതമാനം വർദ്ധിച്ചുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ചോംഗ്ജിൻ സിറ്റിയിലും ക്യോംഗ്‌സോംഗ് കൌണ്ടിയിലും മാത്രം ഈ വർഷം 35 ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പട്ടിണി മൂലമുള്ള മരണം മുൻ വർഷത്തെ അപേക്ഷിച്ച് മൂന്ന് മടങ്ങായെന്നാണ് റിപ്പോർട്ട് പറയുന്നത്.
ആളുകളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ ഭരണകൂടത്തിനും സാധിക്കുന്നില്ല. സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും ആത്മഹത്യാ കേസുകൾ തടയുന്നതിനും ഉചിതമായ പരിഹാരം കണ്ടെത്തുന്നതിന് പകരം, ആത്മഹത്യ നിരോധിക്കണമെന്ന ആശയവുമായി ഉത്തരകൊറിയൻ സർക്കാർ യോഗം ചേരുകയാണ് ഉണ്ടായത്. ഇതോടെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തി. രാജ്യദ്രോഹക്കുറ്റത്തിന് വധശിക്ഷ നൽകുന്ന രാജ്യത്ത് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നവരെ എങ്ങനെ ശിക്ഷിക്കുമെന്നാണ് ആളുകൾ ചോദിക്കുന്നത്.
Discussion about this post