ലക്‌നൗ : ഗുണ്ടാ നേതാവും രാഷ്ട്രീയക്കാരനുമായിരുന്ന ആതിഖ് അഹമ്മദിന്റെ കണ്ടുകെട്ടി വസ്തുക്കൾ നിർധനരായ കുടുംബങ്ങൾക്ക് നൽകി യോഗി സർക്കാർ. ആതിഖ് അഹമ്മദിൽ നിന്ന് പിടിച്ചെടുത്ത സ്ഥലത്ത് 76 ഫ്‌ളാറ്റുകൾ സർക്കാർ നിർമ്മിച്ച് കൊടുത്തു. പ്രയാഗ് രാജ് ഡെവലപ്‌മെന്റ് അതോറിറ്റി ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്.
ആതിഖ് അഹമ്മദ് ഓഫീസ് നടത്തിവന്നിരുന്ന ഭൂമിയാണ് പിടിച്ചെടുത്തതെന്ന് പിഡിഎ വൈസ് ചെയർമാൻ അരവിന്ദ് ചൗഹാൻ പറഞ്ഞു. നിലവിൽ ഈ ഭൂമിയിൽ 76 ഫ്ളാറ്റുകളുടെ നിർമാണം പൂർത്തിയാക്കി. വെള്ളിയാഴ്ച നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത ആളുകൾക്കാണ് ഫ്‌ളാറ്റുകൾ കൈമാറിയത്.
സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, പിന്നാക്ക വിഭാഗങ്ങൾ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ, ശാരീരിക വൈകല്യമുള്ളവർ, മുതിർന്ന പൗരന്മാർ എന്നിവർക്കുള്ള സംവരണ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ഫ്‌ലാറ്റുകൾ അനുവദിച്ചതെന്ന് ചൗഹാൻ പറഞ്ഞു. കിടപ്പുമുറി, സ്വീകരണമുറി, അടുക്കള, ബാത്ത്റൂം, ബാൽക്കണി, വൈദ്യുതി, പാർക്കിങ് സൗകര്യം എന്നിങ്ങനെ എല്ലാ ആധുനിക സൗകര്യങ്ങളും ഫ്‌ളാറ്റിലുണ്ട്.
ലുക്കർഗഞ്ച് പ്രദേശത്ത് കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്നും അതിൽ ഒരു ഫ്‌ലാറ്റിന്റെ വില 6 ലക്ഷം രൂപയാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു . ഗുണഭോക്താവ് 3.5 ലക്ഷം രൂപയാണ് നൽകേണ്ടത്. കേന്ദ്ര സർക്കാർ 1.5 ലക്ഷം രൂപയും സംസ്ഥാന സർക്കാർ ഒരു ലക്ഷം രൂപയും സബ്സിഡിയായി നൽകും.











