ഭോപ്പാൽ: ഹനുമാൻ വാനരനല്ല, വനവാസിയാണെന്ന് മുൻ കോൺഗ്രസ് വനംമന്ത്രിയായ ഉമംഗ് സിംഗാർ എംഎൽഎ. രാമായണത്തെ തള്ളിക്കൊണ്ടാണ് മുൻ മന്ത്രിയുടെ ഈ പ്രസ്താവന. ആദിവാസി നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ ബിർസ മുണ്ടയുടെ 123-ാം ചരമവാർഷികത്തോടനുബന്ധിച്ച് ധാർ ജില്ലയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഉമംഗ് സിംഗ്.
‘ശ്രീരാമനെ ലങ്കയിലേക്ക് കൊണ്ടുപോയത് ആദിവാസികളാണ്. ചിലർ കഥകളിൽ എഴുതിയത് വാനരസേന (കുരങ്ങ് സൈന്യം) എന്നായിരുന്നു. കുരങ്ങുകൾ ഇല്ലായിരുന്നു. അവർ വനവാസികളായിരുന്നു, അവർ കാട്ടിൽ ജീവിച്ചിരുന്നു. ഹനുമാനും ആദിവാസിയായിരുന്നു. ഞങ്ങൾ അവന്റെ പിൻഗാമികളാണ്. അഭിമാനിക്കൂയെന്നാണ് ‘ഉമംഗ് സിഗിന്റെ പരാമർശം.
സംഭവത്തിൽ വിമർശനവുമായി ബിജെപി രംഗത്തെത്തി. ബലാത്സംഗം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങൾ ആരോപിക്കപ്പെട്ട മുൻ കോൺഗ്രസ് ക്യാബിനറ്റ് മന്ത്രിയല്ലേ അദ്ദേഹം? ഇതാണോ കോൺഗ്രസിന്റെ ഹനുമാൻ ആശയം? നിങ്ങളുടെ നിർദ്ദേശപ്രകാരമാണോ കോൺഗ്രസ് കത്തോലിക്കാ പുരോഹിതരുടെ ഭാഷ സംസാരിക്കുന്നതെന്ന് മദ്ധ്യപ്രദേശ് ബിജെപി വക്താവ് ഹിതേഷ് ബാജ്‌പേയ് മുൻ മുഖ്യമന്ത്രി കമൽനാഥിനെയും കോൺഗ്രസ് നേതാവ് പ്രിയങ്ക വധേരയയെും ടാഗ് ചെയ്തുകൊണ്ട് ചോദിച്ചു.
കഴിഞ്ഞ മാസം സിയോനി ജില്ലയിലെ കമൽനാഥിന്റെയും മറ്റ് നേതാക്കളുടെയും സാന്നിധ്യത്തിൽ നടന്ന ഒരു വലിയ പൊതുയോഗത്തെയും പാർട്ടി പ്രവർത്തകരുടെ യോഗത്തെയും അഭിസംബോധന ചെയ്യവെ മറ്റൊരു കോൺഗ്രസ് എംഎൽഎ അർജുൻ സിംഗ് കക്കോഡിയ ഹനുമാനെ വനവാസി എന്ന് വിളിച്ചിരുന്നു.










