തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് വീണ്ടും ശക്തിപ്രാപിക്കാൻ സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നിലവിൽ ബിപോർജോയ് അതീ തീവ്ര ചുഴലിക്കാറ്റായി സ്ഥിതി ചെയ്യുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ അതിതീവ്ര ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
നിലവിൽ മദ്ധ്യ കിഴക്കൻ അറബിക്കടലിൽ ആണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. വരും മണിക്കൂറിൽ ഇത് വടക്ക്- വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിക്കാൻ ആരംഭിക്കും. തുടർന്നുള്ള മൂന്ന് ദിവസം വടക്ക്- വടക്ക് പടിഞ്ഞാറ് ദിശയിലാകും കാറ്റിന്റെ സഞ്ചാരം. അതേസമയം വടക്ക് കിഴക്കൻ ബംഗാൾ ഉൾകടൽ ന്യുനമർദ്ദം ബംഗ്ലാദേശ് മ്യാൻമാർ തീരത്തിനു സമീപം അതി ശക്തമായ ന്യൂന മർദ്ദമായി മാറിയിട്ടുണ്ട്.
ബിപോർജോയ് ശക്തിപ്രാപിക്കുന്നതും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവും കേരളത്തിലെ കാലവർഷത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. വരും മണിക്കൂറുകളിൽ കേരളത്തിൽ കാലവർഷം കൂടുതൽ ശക്തിപ്രാപിക്കും. അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയാണ് കേരളത്തിൽ ലഭിക്കുക. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കാനും നിർദ്ദേശമുണ്ട്.
Discussion about this post