തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ പിണറായി സർക്കാർ ഒരുങ്ങുന്നു. ബോർഡിലെ നിലവിലെ അംഗങ്ങളിൽ പലർക്കും ചട്ടപ്രകാരം ആവശ്യമായ യോഗ്യതയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഭരണസമിതിയെ പിരിച്ചുവിട്ട് പുതിയ വിജ്ഞാപനം ഇറക്കാൻ സർക്കാർ നീക്കം നടത്തുന്നത്. അഞ്ചുവർഷ കാലാവധിയിൽ നാലര വർഷവും ശേഷിക്കെയാണ് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഈ നിർണായക നീക്കം.
നിയമപ്രകാരം രണ്ട് അമുസ്ലിം പ്രതിനിധികളെ ഉൾപ്പെടുത്താത്തതിനെ തുടർന്ന് വഖഫ് ബോർഡിന്റെ നയപരമായ തീരുമാനങ്ങൾ വിലക്കിക്കൊണ്ട് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഭരണസമിതിയുടെ പൂർണ്ണമല്ലാത്ത ഘടന ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ഈ നടപടി. ഇതിനുപിന്നാലെ ബോർഡ് പുനഃസംഘടിപ്പിക്കാൻ തയ്യാറാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് സുപ്രീം കോടതിയിലുള്ള കേസിലെ അന്തിമവിധിയുടെ അടിസ്ഥാനത്തിൽ രണ്ട് അമുസ്ലിം അംഗങ്ങളെ പിന്നീട് നിയമിക്കാമെന്നാണ് സർക്കാരിന്റെ ഇപ്പോഴത്തെ കണക്കുകൂട്ടൽ.












