കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ എഴുതാത്ത പരീക്ഷയിൽ വിജയിച്ചതായി രേഖപ്പെടുത്തിയ സംഭവത്തിൽ വാർത്ത റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് റിപ്പോർട്ടർക്കെതിരെ കേസെടുത്ത സംഭവത്തിൽ ന്യായീകരണവുമായി പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ.
ഏഷ്യാനെറ്റ് പോലുള്ള സ്ഥാപനങ്ങൾക്ക് രാജ്യം ഭരിക്കുന്ന രാഷ്ട്രീയപാർട്ടിയുമായി അടുത്ത ബന്ധമുണ്ട്. ഇന്നത്തെ കാലത്ത് മൂലധന മാദ്ധ്യമങ്ങൾ അധികാരവ്യവസ്ഥ കൂടിയാണ്. ഹിന്ദുത്വവും അവരുടെ ഭരണവുമായി സന്ധി ചെയ്യുക വഴി ഒരുവക ‘മാദ്ധ്യമഭീകരത’ തന്നെ രാജ്യത്തുണ്ടായിരിക്കുന്നുവെന്നും അശോകൻ ചരുവിൽ കണ്ടെത്തുന്നു.
മറുനാടനും ഏഷ്യാനെറ്റും നേരിടുന്ന കേസുകൾ ഏതെങ്കിലും അധികാരകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടതല്ല. അധികാരത്തിനു പുറത്തുള്ള വ്യക്തികളാണ് അവർക്കെതിരെ കേസു കൊടുത്തിരിക്കുന്നത്. അത്തരം കേസുകളെ മാധ്യമസ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്തുന്നത് ഉചിതമല്ല. മാദ്ധ്യമങ്ങൾ സ്ഥാപനങ്ങൾ കൂടിയാണെന്നും കോടിക്കണക്കിനു രൂപ മുതൽ മുടക്കി നടത്തുന്ന പ്രവർത്തനമാണെന്നും അശോകൻ ചരുവിൽ ഫേസ്ബുക്ക് പ്രതികരണത്തിൽ പറഞ്ഞു.
‘മറുനാടൻ മലയാളി’ പത്രാധിപർ ഷാജൻ സ്കറിയക്കും ‘ഏഷ്യാനെറ്റ്’ റിപ്പോർട്ടർ അഖില നന്ദകുമാറിനുമെതിരെ ചില വ്യക്തികൾ നൽകിയ പരാതിയിൽ കേസ് എടുത്തത് മാദ്ധ്യമസ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്തി ചില സുഹൃത്തുക്കൾ വ്യാഖ്യാനിക്കുന്നുണ്ടെന്ന് പറഞ്ഞാണ് അശോകൻ ചരുവിലിന്റെ ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്.
മാദ്ധ്യമസ്വാതന്ത്ര്യം പരമപ്രധാനമാണ്. അതിന്റെ അഭാവത്തിൽ രാജ്യത്തിനെന്തു സംഭവിക്കും എന്ന് ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥക്കാലം തെളിയിച്ചിട്ടുള്ളതാണ്. മാദ്ധ്യമങ്ങളെ വിലക്കു വാങ്ങിക്കൊണ്ടാണ് മോദിയും അദാനിയും ഇന്ന് മാദ്ധ്യമസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നത്.
ഭരണവർഗ്ഗവും സർക്കാരുകളുമാണ് എന്നും മാദ്ധ്യമസ്വാതന്ത്യത്തെ തടസ്സപ്പെടുത്തിയിട്ടുള്ളത്.
‘മാദ്ധ്യമവിരോധം’ സമ്പാദിച്ച വ്യക്തിയെ അയാളുടെ രാഷ്ടീയ / മത / സാമൂഹ്യ സംഘടനകൾ തന്നെ തള്ളിക്കളയുന്ന കാലമാണ്. അത്തരം മാദ്ധ്യമസ്ഥാപനങ്ങൾ ഒരു വ്യക്തിയെ ആക്രമിക്കാൻ ശ്രമിച്ചാൽ അയാൾ നിസ്സഹായനായിപ്പോകും. തകർന്നു പോകും. ആത്മരക്ഷാർത്ഥം പോലീസിനേയും സർക്കാരിനേയും ആശ്രയിക്കുകയല്ലാതെ അയാൾക്ക് വേറെ അവലംബമില്ല. പൗരന്റെ ജീവിതത്തെ സംരക്ഷിക്കാനും നിയമത്തിന് ബാധ്യതയുണ്ടെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
മഹാരാജാസ് കോളജിൽ എസ്എഫ്ഐ നേതാവായിരുന്ന കെ വിദ്യ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ഹാജരാക്കി ഗസ്റ്റ് ലക്ചറർ ജോലിക്ക് ശ്രമിച്ച സംഭവം റിപ്പോർട്ട് ചെയ്യാനാണ് ഏഷ്യാനെറ്റ് റിപ്പോർട്ടർ എത്തിയത്. ഇതിനിടയിലാണ് ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദം കെഎസ്യു പ്രവർത്തകർ ശ്രദ്ധയിൽപെടുത്തുന്നത്. ആർക്കിയോളജി മൂന്നാം സെമസ്റ്റർ പരീക്ഷ ആർഷോ എഴുതിയില്ലെങ്കിലും സെമസ്റ്റർ റിസൾട്ടിന്റെ സ്ഥാനത്ത് പാസ്ഡ് എന്ന് രേഖപ്പെടുത്തുകയായിരുന്നു. വിവാദമായതോടെ റിസൾട്ട് പിന്നീട് തിരുത്തുകയും ചെയ്തു.
Discussion about this post