ചണ്ഡീഗഡ്: പഞ്ചാബിൽ രണ്ടിടങ്ങളിൽ നിന്നും തകർന്ന നിലയിൽ പാക് ഡ്രോണുകൾ കണ്ടെത്തി. അമൃത്‌സറിൽ നിന്നും താൻ തരനിൽ നിന്നുമാണ് തകർന്ന നിലയിൽ ഡ്രോണുകൾ കണ്ടെത്തിയത്. സംഭവത്തിൽ ബിഎസ്എഫ് അന്വേഷണം ആരംഭിച്ചു.
അമൃത്‌സറിലെ ഷൈദ്പൂർ കലൻ ഗ്രാമത്തിൽ നിന്നും താൻ തരൺ ജില്ലയിലെ രാജോക്ക് ഗ്രാമത്തിൽ നിന്നുമാണ് ഡ്രോണുകൾ കണ്ടെടുത്തത്. രാജോക്ക് ഗ്രാമത്തിന് സമീപത്തെ അതിർത്തിയിൽ ഡ്രോൺ എത്തിയതായി ബിഎസ്എഫിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് പരിശോധന നടത്തുകയായിരുന്നു ബിഎസ്എഫ് സംഘം. ഇതിനിടെയായിരുന്നു കൃഷിയിടത്തിൽ നന്നും തകർന്ന നിലയിൽ ഡ്രോൺ കണ്ടെത്തിയത്. ഡിജിഐ മാട്രിസ് 300 ആർടികെ സീരിസിലുള്ള ഡ്രോൺ ആണ് കണ്ടെടുത്തത് എന്ന് ബിഎസ്എഫ് അറിയിച്ചു. അതേസമയം ഇവിടെ നിന്ന് ലഹരിയോ ആയുധങ്ങളോ കണ്ടെടുത്തിട്ടില്ല. സാങ്കേതിക തകരാറിനെ തുടർന്ന് ഡ്രോൺ തകർന്ന് വീണതാകാമെന്നാണ് സൂചന.
പതിവ് പട്രോളിംഗിനിടെ ആയിരുന്നു ഷൈദ്പൂർ കലൻ ഗ്രാമത്തിൽ നിന്നും തകർന്ന നിലയിൽ ഡ്രോൺ കണ്ടെത്തിയത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇവിടെ പരിശോധന തുടരുകയാണ്.
Discussion about this post