ഇവി പോളിസി ആരംഭിച്ചതിന് പിന്നാലെ ഡൽഹിയിൽ രജിസ്റ്റർ ചെയ്ത ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ഒരു ലക്ഷം കടന്നു. മെയ് മാസം വരെ വിറ്റഴിക്കപ്പെട്ട വാഹനങ്ങളുടെ എണ്ണം 1,24,846 കടന്നുവെന്നാണ് ഗതാഗത വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതിൽ 65% ഇരുചക്ര വാഹനങ്ങളും ഇലക്ട്രിക് ഓട്ടോകളും 10.24% കാറുകളുമാണ്. മെയ് മാസത്തിൽ മാത്രം 7611 ഇലക്ട്രിക് വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇവി പോളിസിക്ക് കീഴിൽ സർക്കാർ ജീവനക്കാർക്ക് സബ്സിഡിയും ചാർജിംഗ് സൗകര്യങ്ങളും കുറഞ്ഞ നിരക്കിൽ നൽകാനുള്ള പദ്ധതി നടപ്പിലാക്കാനും ഡൽഹി സർക്കാർ പദ്ധതി ഇടുന്നുണ്ട്. നിലവിൽ ഇലക്ട്രിക് വാഹനങ്ങൽ വാഹനങ്ങൾ വാങ്ങുന്നതിന് സർക്കാർ സബ്‌സിഡി നൽകുന്നുണ്ട്. എന്നാൽ ഡൽഹി ഫിനാൻസ് കോർപ്പറേഷൻ വഴി സർക്കാർ ജീവനക്കാർക്ക് അധിക സബ്സിഡി നൽകുക എന്നതാണ് പുതിയ പോളിസിയിൽ ലക്ഷ്യമിടുന്നത്.
പദ്ധതി പ്രകാരം ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറും യൂണിറ്റുകളുമെല്ലാം വിവിധ സർക്കാർ ഓഫീസുകളിലും ഡൽഹി ഫിനാൻസ് കോർപ്പറേഷൻ ഡിപ്പോകളിലും സ്ഥാപിക്കുകയും ചെയ്യും. 2030ഓടെ നിരത്തിൽ ഓടുന്നതിൽ 30 ശതമാനം ഇലക്ട്രിക് വാഹനങ്ങളാക്കുക എന്നതാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 2024ഓടെ ഡൽഹിയിലെ എല്ലാ പുതിയ വാഹന രജിസ്‌ട്രേഷനുകളിലും 25% ഇലക്ട്രിക് വാഹനങ്ങളാണെന്ന് ഉറപ്പാക്കുക എന്നതാണ് ഡൽഹി സർക്കാരിന്റെ ലക്ഷ്യം.
നിലവിൽ ഡൽഹിയുടെ വിവിധ ഭാഗങ്ങളിലായി 2794 പൊതു ചാർജിംഗ് പോയിന്റുകളും 1550 സ്വകാര്യ ചാർജിംഗ് പോയിന്റുകളും 256 ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകളും ഉണ്ട്. ആറ് മാസത്തിനുള്ളിൽ 193 ഇടങ്ങളിലായി 446 ഇലക്ട്രിക് വാഹന ചാർജിംഗ് പോയിന്റുകൾ കൂടി സ്ഥാപിക്കും.
Discussion about this post